
കരിയറിൽ തിളങ്ങി നിന്ന സമയത്ത് വിവാഹിതയായി, അഭിനയ രംഗത്തോടെ വിട പറഞ്ഞ താരമാണ് മഞ്ജു വാര്യർ. എന്നാൽ നീണ്ട 14 വർഷത്തെ ഇടവേള അവസാനിപ്പിച്ച താരം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഹൗ ഓൾഡ് ആർ യു എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെ മികച്ച തിരിച്ചു വരവാണ് നടത്തിയത്. അതിനു ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്കും താരം ഉയർന്നു.
മഞ്ജുവിന്റെ ഈ കംബാക്ക് സിനിമയിൽ സേതുലക്ഷ്മിയും ഒരു വേഷം ചെയ്തിരുന്നു. കുറച്ചു സീനുകളെ ഉണ്ടായിരുന്നുവെങ്കിലും സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സിൽ വിങ്ങലായി സേതുലക്ഷ്മിയമ്മയുടെ കഥാപാത്രം നിറഞ്ഞു നിന്നു.
ഇപ്പോഴിതാ സേതുലക്ഷ്മി പങ്കിട്ട മഞ്ജു വാര്യർക്കൊപ്പമുള്ള തന്റെ ലൊക്കേഷൻ അനുഭവങ്ങളും വ്യക്തിപരമായ ഓർമ്മകളുമാണ് ശ്രദ്ധ നേടുന്നത്.
“മഞ്ജുവിനെ ഞാൻ അന്നേവരെ നേരിൽ കണ്ടിട്ടില്ലായിരുന്നു. സിനിമകൾ മാത്രമാണ് കണ്ടിരുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് പോലുള്ള സിനിമകൾ ടിവിയിൽ കണ്ടിട്ടേയുള്ളൂ. ചിത്രങ്ങൾ കണ്ട് പരിചയമുള്ള താരത്തെ നേരിൽ കാണുന്നതിലുള്ള ഒരു ആകാംക്ഷയും ഉള്ളിലുണ്ടായിരുന്നു
കൊച്ചുകുട്ടിയായ വലിയൊരു നടിയല്ലേ മഞ്ജു. അതുകൊണ്ടാകണം അവരെ ആദ്യമായി കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
മഞ്ജുവിന്റെ തിരിച്ചുവരവ്, ആ ചിത്രത്തിൽ ഞാനും അഭിനയിക്കുന്നു എന്നെല്ലാമുള്ള സന്തോഷമുണ്ട്. ഇതൊക്കെ ആഗ്രഹിച്ച കാര്യങ്ങളാണ്. പക്ഷെ മഞ്ജുവിനെ കണ്ടപ്പോൾ അവരുടെ മുന്നിൽ എങ്ങനെ അഭിനയിക്കും എന്നായി ചിന്ത.
പക്ഷെ എന്നോടുള്ള മഞ്ജുവിന്റെ ആദ്യത്തെ ആ പെരുമാറ്റം…ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഇത്രയും നേരം ഇതെവിടെയാ ഒളിച്ചിരുന്നത് എന്നായിരുന്നു ചോദിച്ചത്. ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ് സിനിമ ഞാൻ കണ്ടു. എന്തുവായിരുന്നു അത് ഇതിന് മുമ്പൊക്കെ ഇങ്ങോട്ട് ഇറങ്ങണ്ടേ എന്നൊക്കെ മഞ്ജു പറഞ്ഞു. ആ ഒരൊറ്റ പെരുമാറ്റം കൊണ്ടാകണം എനിക്ക് മടിയില്ലാതെ ഒപ്പം അഭിനയിക്കാൻ പറ്റി...” സേതുലക്ഷ്മി പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കുകയാണ് ആരാധകർ. മഞ്ജുവിന്റെ ഡൗൺ ടു എർത്ത് സ്വഭാവം ഇതിനു മുൻപും ഒരുപാട് പേർ തുറന്നു പറഞ്ഞിട്ടുണ്ട്.
മടങ്ങി വരവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങി നിൽക്കുകയാണ് മഞ്ജു. യാത്രകളും ബൈക്ക് റൈഡിങും ഒക്കെയായി തന്റെ ലൈഫിന്റെ സെക്കന്റ് പാർട്ട് ആഘോഷിക്കുകയാണ് താരം.
2014 ലാണ് ഹൗ ഓൾഡ് ആർ യു റിലീസ് ചെയ്തത്. ഈ ചിത്രം പിന്നീട് 36 വയതിനിലേ എന്ന പേരിൽ തമിഴിലും റീമേക്ക് ചെയ്തു. ജ്യോതികയാണ് അതിൽ നായിക വേഷം ചെയ്തത്.






