
ദീര്‍ഘദൂര വിമാനയാത്രയിലെ ശാരീരികക്ഷീണം കുറയ്ക്കുന്നതിനായി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക 'യോഗ പ്രോട്ടോക്കോള്‍' കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തിറക്കി. ഡല്‍ഹിയിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ വികസിപ്പിച്ച ഈ ലഘു യോഗാക്രമം കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവാണ് അവതരിപ്പിച്ചത്. വിമാനത്തിലെ പരിമിതമായ സൗകര്യങ്ങള്‍ കണക്കിലെടുത്ത് സ്വന്തം സീറ്റിലിരുന്ന് തന്നെ ചെയ്യാവുന്ന ലളിതമായ വ്യായാമമുറകള്‍, പ്രാണായാമം, ധ്യാനം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആകെ അഞ്ച് മിനിറ്റ് നീളുന്ന ഈ ക്രമത്തില്‍ ആദ്യത്തെ 165 സെക്കന്‍ഡ് ലഘുവായ ശാരീരിക വ്യായാമങ്ങള്‍ക്കും തുടര്‍ന്നുള്ള 90 സെക്കന്‍ഡ് ശ്വസന നിയന്ത്രണത്തിനും അവസാന 30 സെക്കന്‍ഡ് ധ്യാനത്തിനുമായാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഇത് ചെയ്യരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദ്ദേശമുള്ള സമയങ്ങളില്‍ വ്യായാമമുറകള്‍ ഒഴിവാക്കി സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു.






