
കുടിയേറ്റത്തിനെതിരെയുള്ള വികാരം ആഗോളതലത്തില്‍ ശക്തമാകുന്ന സാഹചര്യത്തില്‍, വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വംശീയാധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നത് പതിവാകുകയാണ്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ നിസ്സഹായരായി പോകുന്നവര്‍ക്ക് പകരം, അക്രമികളെ സധൈര്യം നേരിട്ട ഒരു ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മെല്‍ബണിലെ ഈസ്റ്റേണ്‍ ഫ്രീവേയിലുള്ള ഒരു സര്‍വീസ് സ്റ്റേഷനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സാഹില്‍ എന്ന ഡെലിവറി െ്രെഡവറെയാണ് രണ്ട് ഓസ്ട്രേലിയന്‍ യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.
ട്രക്കിന്റെ താക്കോല്‍ ആവശ്യപ്പെട്ട് എത്തിയ യുവാക്കള്‍ സാഹിലിനെ വംശീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കാന്‍ തുനിയുകയുമായിരുന്നു. എന്നാല്‍ ഭയന്നു പിന്മാറുന്നതിന് പകരം സാഹില്‍ അവരെ ധീരമായി നേരിട്ടു. ഇതിനിടെ സാഹിലിന്റെ സുഹൃത്ത് കൂടി എത്തിയതോടെ അക്രമികളായ യുവാക്കള്‍ക്ക് അവിടെ നിന്നും അടി കൊണ്ട് ഓടേണ്ടി വന്നു. 'തെറ്റായ ദിവസം അവര്‍ തെറ്റായ ആളെയാണ് തിരഞ്ഞെടുത്തത്' എന്ന കുറിപ്പോടെ ആന്‍ഡ്രെ ഒക്ടാവിയോ എന്ന വ്യക്തി പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.
സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു. കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വംശീയാധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ പ്രതികരിച്ച സാഹിലിനെ 'യഥാര്‍ത്ഥ ധുരന്ധര്‍' എന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് ഈ വീഡിയോ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസത്തിനും വഴിതെളിച്ചിരിക്കുകയാണ്.






