
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായ മത്സരം നടക്കുന്ന നേമത്ത് പ്രചരണങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടിയെ സംവാദത്തിന് വെല്ലുവിളിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. കോര്‍പ്പറേഷനിലെ വികസന മുരടിപ്പിനെച്ചൊല്ലിയാണ് പോര്. മൂന് മേയര്‍ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടിയെ നഗരത്തിലെ വികസന കാര്യങ്ങളില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മേയര്‍ വി.വി. രാജേഷ് രംഗത്തെത്തി.
തലസ്ഥാന നഗരത്തിലെ വികസന മുരടിപ്പും കുടിവെള്ള പ്രശ്നവും ഉന്നയിച്ച് മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ കോര്പ്പറേഷന് ഭരിച്ച ഇടതുപക്ഷ മേയര്‍മാരുടെയും മന്ത്രിമാരുടെയും വികസന നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പൈപ്പുകളിലൂടെയാണ് ഇന്നും അരുവിക്കരയില്‍ നിന്ന് വെള്ളമെത്തിക്കുന്നത്. ഇതില്‍ 35% വെള്ളവും ചോര്‍ച്ച മൂലം നഷ്ടപ്പെടുകയാണ്. ഇത് പരിഹരിക്കാന്‍ മന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. വിളപ്പില്‍ശാല പദ്ധതിയുടെ പേരില്‍ വലിയ തുക പാഴാക്കിയതല്ലാതെ ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചില്ല. ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കുമ്പോള്‍ കേരളം പരാജയപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വി. ശിവന്‍കുട്ടി മേയറായിരുന്ന കാലത്ത് ആരംഭിച്ച വന്ധ്യംകരണ പദ്ധതി പ്രഹസനമായിരുന്നു. അന്ന് 1,500 നായകളെ വന്ധ്യംകരിച്ചെന്ന് അവകാശപ്പെടുമ്പോഴും ഇന്ന് നഗരത്തില്‍ പതിനായിരത്തിലധികം തെരുവ് നായകളാണുള്ളതെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂളുകളില്‍ പാമ്പുകടിയേറ്റും ഷോക്കേറ്റും വിദ്യാര്‍ത്ഥികള്‍ മരിക്കേണ്ടി വന്ന സാഹചര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവം അസാധ്യമെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഇന്റര്‍നെറ്റ് വളര്‍ച്ചയെന്ന് വി.വി. രാജേഷ് പറഞ്ഞു. ഐടി മേഖലയില്‍ രാജീവ് ചന്ദ്രശേഖര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളാണ് ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് വരെ ഇന്റര്‍നെറ്റ് ലഭ്യമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മുന്‍ മേയര്‍മാരും മന്ത്രിമാരുമായ കടകംപള്ളി സുരേന്ദ്രന്, വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എന്നിവര്‍ നഗരത്തില്‍ നടത്തിയ വികസനവും, കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ബിജെപി ഭരണസമിതി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ ബിജെപി സന്നദ്ധമാണെന്നും മേയര്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ച് കുളത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കടകംപള്ളി സുരേന്ദ്രന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






