
തിരുവനന്തപുരം: പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി െ്രെകസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. പ്രത്യാശയുടെ സന്ദേശം പകര്ന്നുനല്കുന്ന ഈ ആഘോഷം യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്.
മനുഷ്യരാശിയുടെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശില്‍ ജീവന് വെടിഞ്ഞ യേശു മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനങ്ങളിലൂടെ വിശ്വാസികള്‍ നടത്തിയ വിശുദ്ധിയിലേക്കുള്ള പ്രയാണമാണ് ഈസ്റ്ററിലേക്ക് എത്തിനില്‍ക്കുന്നത്. മരുഭൂമിയിലെ യേശുവിന്റെ നാല്പതു ദിവസത്തെ നോമ്പിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ഈ പുണ്യദിനത്തിനായി ഒരുങ്ങി.
അതിരുകളില്ലാത്ത സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും ലോകത്തേക്ക് മനുഷ്യമനസ്സുകള്‍ ഉയര്ത്തെഴുന്നേല്ക്കുമ്പോഴാണ് ഈസ്റ്റര്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു വിരുന്നായി ഈ ആഘോഷം മാറുന്നു. സ്നേഹത്തിന്റെയും ദയയുടെയും സന്ദേശങ്ങളിലൂടെയാണ് ഈസ്റ്റര്‍ അതിന്റെ യഥാര്‍ത്ഥ സ്വത്വം കണ്ടെത്തുന്നത്.






