
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറി പ്രേക്ഷകരുടെ ഹൃദയം നേടിയെടുത്ത താരമാണ് മഞ്ജു വാര്യര്‍. സാക്ഷ്യം സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം സുന്ദര്‍ദാസ് സംവിധാനം ചെയ്ത ‘സല്ലാപം’ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത്. മികച്ച അഭിനയവും ശാലീന സൗന്ദര്യവും ആകര്‍ഷകമായ നൃത്തവും കൊണ്ട് ആദ്യ സിനിമയിലൂടെ തന്നെ മഞ്ജു പ്രേക്ഷകഹൃദയം കീഴടക്കി.
സിനിമ സെറ്റിൽ തുടങ്ങിയ പ്രണയമായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റേതും. ആദ്യ ചിത്രമായ സല്ലാപത്തിനു ശേഷം കുറെ സിനിമകളില്‍ ഇവര്‍ ജോഡിയായി. അക്കാലത്ത് മഞ്ജു-ദിലീപ് ജോഡിക്ക് ഒരു കാലത്ത് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. ആദ്യ സിനിമയിലെ നായകനെ മഞ്ജു ജീവിതത്തിലും കൂടെക്കൂട്ടി. കുടുംബത്തിൽ നിന്നുള്ള എതിർപ്പുകളെല്ലാം മറികടന്ന് മഞ്ജുവും ദിലീപും വിവാഹിതരായി. വിവാഹത്തോടെ മഞ്ജു അഭിനയം ഉപേക്ഷിച്ചു, നൃത്തം ഉപേക്ഷിച്ചു, പൂർണ്ണമായും കുടുംബിനിയായി മാറി. പൊതുവേദികളിൽ പോലും താരം അന്ന് വിരളമായി മാത്രമെ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ഇതിനിടെ ഇവര്‍ക്കൊരു മകളും ജനിച്ചു, മീനാക്ഷി.
പക്ഷേ ഇടയ്ക്കെപ്പോഴോ ഇവരുടെ സന്തോഷകരമായ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണു, തുടര്‍ന്ന് മഞ്ജുവും ദിലീപും വിവാഹമോചിതരായി. ആരാധകരെ ഏറെ ഞെട്ടിച്ച ഈ വിവാഹമോചനത്തിനു ശേഷം മഞ്ജു കരിയറില്‍ ശ്രദ്ധ കൊടുത്ത് അഭിനയത്തിലേക്ക് തിരിച്ചെത്തി. അച്ഛനൊപ്പം പോകാനായിരുന്നു ഇവരുടെ മകള്‍ മീനാക്ഷിയുടെ തീരുമാനം. മകള്‍ മീനാക്ഷിയുടെ പിന്തുണയോടെ ദിലീപ് കാവ്യ മാധവനെ രണ്ടാമത് വിവാഹം ചെയ്തു. വിവാഹമോചനത്തിനു ശേഷം മഞ്ജുവും ദിലീപും എവിടെയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. പൊതുവേദികളില്‍ പോലും രണ്ടാളും ഒരുമിച്ച് എത്തുന്നത് ഒഴിവാക്കാറുണ്ട്. പരസ്പരം കാണാനോ മിണ്ടാനോ സോഷ്യല്‍ മീഡിയയിലൂടെ ചെളി വാരിയെറിയാനോ രണ്ടാളും ശ്രമിച്ചിട്ടില്ല.
ഇപ്പോഴിതാ താന്‍ നായികയായി എത്തിയ സല്ലാപം റിലീസ് ചെയ്തിട്ട് മൂന്നു പതിറ്റാണ്ട് തികയ്ക്കുന്ന സന്തോഷം പഴയ സിനിമാ പോസ്റ്റര്‍ പങ്കിട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് മഞ്ജു വാര്യര്‍. മഞ്ജുവും ദിലീപും മനോജുമാണ് അന്ന് പത്രത്തിൽ വന്ന പരസ്യത്തിൽ ഉണ്ടായിരുന്നത്. ചുവന്ന മൂന്ന് ഹാർട്ട് ഇമോജികൾക്ക് ഒപ്പമാണ് മഞ്ജു ഇന്‍സ്റ്റയില്‍ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്ത മനോജ് കെ ജയൻ ഇൻസ്റ്റയിലിട്ട പോസ്റ്റാണ് മഞ്ജു സ്റ്റോറിയിൽ ഷെയർ ചെയ്തത്. സല്ലാപം സിനിമ പ്രദർശനം ആരംഭിച്ച് രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ ആ സന്തോഷം പ്രകടിപ്പിച്ച് അന്ന് അണിയറപ്രവർത്തകർ നൽകിയ പത്ര പരസ്യത്തിന്റെ കട്ടിങുകളാണ് മനോജ് കെ ജയൻ പോസ്റ്റ് ചെയ്തത്.
ആരാധകരെ സംബന്ധിച്ച് സല്ലാപം എന്ന സിനിമ 30 വര്‍ഷം പൂര്‍ത്തിയാക്കി എന്ന സന്തോഷത്തേക്കാളുപരി ആദ്യമായി മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രം സ്റ്റോറിയിൽ ദിലീപിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ് കൂടുതല്‍ ആവേശപ്പെടുത്തുന്നത്. ഈ സ്റ്റോറി ഏറ്റെടുത്ത ആരാധകര്‍, വ്യക്തിപരമായ പ്രശ്നങ്ങൾ പ്രൊഫഷനുമായി കൂട്ടിക്കുഴയ്ക്കാത്ത കലാകാരിയാണ് മഞ്ജു എന്നാണ് കുറിച്ചിരിക്കുന്നത്. സിനിമാ സെറ്റിലെ ഓർമകൾ പങ്കുവെക്കുമ്പോൾ അതിൽ ദിലീപും ഉൾപ്പെടുന്നതാണെങ്കിൽ ആ പേര് ഒഴിവാക്കാതെ ദിലീപേട്ടൻ എന്ന് പറഞ്ഞ് കൊണ്ട് സംസാരിക്കുന്നയാളാണെന്നും മുൻ ഭർത്താവ് എന്ന ബഹുമാനം ഇപ്പോഴും നടന് മഞ്ജു നൽകുന്നുണ്ടെന്നും ആരാധകർ കമന്റുകളില്‍ കുറിക്കുന്നുണ്ട്.
ആരാധകര്‍ക്ക് ഏറെ ഞെട്ടലുണ്ടാക്കിക്കൊണ്ടായിരുന്നു മഞ്ജുവും ദിലീപും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നത്. 2014 ൽ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി, അടുത്ത വര്‍ഷം ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. ഏകമകള്‍ മീനാക്ഷി ദിലീപിനൊപ്പം പോകാണമെന്നാണ് ആവശ്യപ്പെട്ടത്. അന്നു മുതുല്‍ ദിലീപിന്റെ കരുത്തായി എന്നും മീനാക്ഷിയുണ്ട്. എന്നാല്‍ വേർപിരിയാനുള്ള കാരണം ഇരുവരും എവിടെയും പങ്കുവെച്ചിട്ടില്ല.
വിവാഹമോചനത്തിനു ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ മഞ്ജുവിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജു തന്റേതായ ഒരു ഇടം നേടിയെടുത്തു. ബൈക്ക് റൈഡിംഗ്, ദേശീയ അന്തര്‍ദേശീയ യാത്രകള്‍ എന്നിവയടക്കം ചെയ്ത് മഞ്ജു ജീവിതം ആസ്വദിക്കുകയാണ്.
ദിലീപ് തന്റേതായ രീതിയിൽ സിനിമയിൽ തുടർന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ ദിലീപ് അഭിനേത്രിയായ കാവ്യ മാധവനെ രണ്ടാമത് വിവാഹം ചെയ്തു, അതിലവര്‍ക്ക് മഹാലക്ഷ്മി എന്നൊരു മകളും പിറന്നു.
എന്നാല്‍ ഇതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസ് വന്നശേഷം മഞ്ജുവും ദിലീപും തമ്മിലൊരു കോൾഡ് വാർ ഉണ്ടായിരുന്നു. കേസിൽ തനിക്കനുകൂലമായി വിധി വന്നശേഷം മഞ്ജുവിന് എതിരെ ദിലീപ് രംഗത്ത് എത്തുകയും ചെയ്തിരുന്നു.






