
ബോളിവുഡിന്റെ നിത്യഹരിത നായകനായ അനില്‍ കപൂര്‍ നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായി നിൽക്കുകയാണ്. 60കളിലും തന്റെ ചുറുചുറുക്കും വ്യത്യസ്തമായ ഗെറ്റപ്പ് കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള താരത്തിന്റെ മകള്‍ സോനം കപൂര്‍ അച്ഛന്റെ പാത പിന്തുടര്ന്നാണ് സിനിമയിലെത്തിയത്. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സോനത്തിന് കഴിഞ്ഞു.
കരിയറില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ സോനം തന്റെ സുഹൃത്തും ദീര്‍ഘകാല കാമുകനുമായിരുന്ന ബിസിനസ്സ്മാന്‍ ആനന്ദ് അഹൂജയയെ ജീവിതപങ്കാളിയാക്കി. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സോനത്തിന്റെ ആനന്ദിന്റെയും വിവാഹം. അധികം താമസിയാതെ ഇവര്‍ക്ക് വായു എന്നൊരു മകനും ജനിച്ചു.
ബോളിവുഡിന്റെ ഫാഷനിസ്റ്റ കൂടിയായ സോനം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. അടുത്തിടെ താനും ഭർത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നാണ് സോനം പങ്കിരുന്നു. അതിനു ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട്, ബേബി ഷവര്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പങ്കിട്ട് തന്റെ ഗര്ഭകാലയാത്രയും സോനം പങ്കിട്ടു.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കിടുകയാണ് സോനം കപൂറും ആനന്ദ് അഹൂജയും. നാല് പേരടങ്ങുന്ന ഒരു കുടുംബമായി ഈ മനോഹരമായ പുതിയ അധ്യായം ആരംഭിക്കുന്നതിൽ തങ്ങൾ നന്ദിയുള്ളവരാണെന്നും വായു തന്റെ ചെറിയ സഹോദരനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷത്തിലാണെന്നുമാണ് ദമ്പതിമാര്‍ കുറിച്ചിരിക്കുന്നത്.
‘‘വളരെയധികം നന്ദിയോടെയും സ്നേഹത്താൽ നിറഞ്ഞ ഹൃദയങ്ങളോടെയും, ഇന്ന്, 2026 മാർച്ച് 29-ന്, ഞങ്ങളുടെ കുഞ്ഞിന്റെ വരവ് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
ഞങ്ങളുടെ കുടുംബം വളർന്നു, അവന്റെ വരവോടെ, ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റവും മനോഹരമായ രീതിയിൽ വികസിച്ചു. വായു തന്റെ ചെറിയ സഹോദരനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷത്തിലാണ്, ഞങ്ങളുടെ വീട്ടിൽ സന്തോഷവും കൃപയും നിറച്ച ഈ വിലയേറിയ പുതിയ ജീവിതത്തിൽ ഞങ്ങൾ വളരെയധികം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
നാല് പേരടങ്ങുന്ന ഒരു കുടുംബമായി ഈ മനോഹരമായ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്.
സ്നേഹത്തോടെ, സോനം, ആനന്ദ് & വായു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോനം കപൂറും ആനന്ദ് അഹൂജയും രണ്ടാമത്തെ കണ്മണിയെ സ്വീകരിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്.






