
മിമിക്രി കലാകാരനും മിനിസ്ക്രീന്‍ താരം പിന്നീട് ബിഗ് സ്ക്രീന്‍ താരവുമായി മാറിയ കൊല്ലം സുധിയുടെ അകാലമരണം ഞെട്ടലോടെയാണ് ആരാധകരും സഹപ്രവര്‍ത്തകരും കേട്ടറിഞ്ഞത്. പല വേദികളിലും സുധി തന്റെ ഭാര്യയായ രേണുവിനെക്കുറിച്ച് വലിയ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിച്ചിട്ടുണ്ട്. സ്വന്തം മകനല്ലാഞ്ഞിട്ടു കൂടി സുധിയുടെ മകന് കിച്ചുവിനോട് രേണുവിനുള്ള സ്നേഹവും കരുതലുമാണ് മിക്കപ്പോഴും സുധി പറഞ്ഞിട്ടുള്ളത്. അന്നുമുതല്‍ രേണുവിനെ ആരാധകരും ഏറെ സ്നേഹിച്ചു.
സുധിയുടെ മരണശേഷം രേണുവും മക്കളായ കിച്ചുവും റിഥപ്പനും എങ്ങനെ ജീവിക്കുമെന്നത് വലിയ സഹതാപത്തോടെ ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്. രേണുവിന് അക്കാലത്ത് ഒരുപാട് സാമ്പത്തിക സഹായങ്ങളും കിട്ടിയിരുന്നു. പക്ഷേ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ രേണു പങ്കിടുന്ന ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും രേണുവിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കും രേണു നേരിട്ടു.
എന്നാല്‍ ആ സമയത്തൊക്കെ സുധിയുടെ മകന് കിച്ചു രേണുവിന് കൂട്ടായി ഉണ്ടായിരുന്നു. പക്ഷേ ഇക്കഴിഞ്ഞ ദിവസം കിച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ വലിയ ജനശ്രദ്ധ നേടി. ബാല്യം മുതല്‍ തനിക്ക് കടന്നുപോകേണ്ടിവന്ന പ്രയാസകരമായ ചുറ്റുപാടുകളെക്കുറിച്ചാണ് കിച്ചു സുധി പറഞ്ഞത്. ഒരു ഘട്ടത്തില്‍ അച്ഛന് മാത്രമാണ് തന്നോട് സംസാരിച്ചിരുന്നതെന്ന് പറയുന്ന കിച്ചു അച്ഛന്റെ മരണശേഷം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറഞ്ഞു. ഈ വീഡിയോ വന്നതിന് ശേഷം തന്നെ നെഗറ്റീവ് ആയി അവതരിപ്പിക്കുന്ന വീഡിയോകള്‍ സ്ഥിരമായി പുറത്തുവരുന്നതിന്റെ സങ്കടം പങ്കുവച്ച് രേണു സുധി ഒരു വീഡിയോ ചെയ്തിരുന്നു. പക്ഷേയതില് കിച്ചു പറഞ്ഞ കാര്യങ്ങളെക്കുറിച്ചും അനുഭവിച്ച വിഷമങ്ങളെക്കുറിച്ചുമുള്ള തന്റെ പ്രതികരണം രേണു സുധി സൂചിപ്പിച്ചിരുന്നില്ല.
ഇപ്പോഴിതാ അതേക്കുറിച്ച് വിശദമായി പറഞ്ഞു കൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് രേണു സുധി. തനിക്കും ചിലത് പറയാനുണ്ടെന്ന് പറയുന്ന രേണു, അത് പറയാൻ തുടങ്ങിയാൽ ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തനിക്കുമുണ്ടെന്നും അത് പറയിപ്പിക്കരുതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
‘‘ഒരുപാട് പേര് എന്നെ വിളിച്ചു, എന്റെ വീഡിയോ കണ്ടിട്ട്. ഓകെ ആണോ എന്ന് ചോദിച്ചു. ഞാന്‍ ഇപ്പോഴും ദുബൈയില്‍ തന്നെയാണ്. ഞാന്‍ ഓകെയാണ്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം മൂലകാരണം എന്താണെന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടത്. നിരവധി പേരെ തകര്‍ക്കുന്ന ഒരു സ്ത്രീ. പ്രത്യേകിച്ച് എന്നെ ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സ്ത്രീ. നിങ്ങളില്‍ പലരും കണ്ടുകാണും. അത് കണ്ടപ്പോള്‍ എനിക്ക് ഏകദേശമൊക്കെ മനസിലായി. മാനിപ്പുലേറ്റിങ് എല്ലാം നടന്നിട്ടുണ്ട്. എനിക്ക് ഒന്നും പറയാനില്ല.
എനിക്ക് ആരോടും പിണക്കങ്ങളോ പരിഭവങ്ങളോ ഒന്നുമില്ല. ഞാന്‍ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇത് ഇവിടെയെങ്ങും തീരില്ല. അറിയുന്നവര്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇവിടെ നില്ക്കുന്നതും. ചേട്ടന് ഉള്ളപ്പോഴും ചേട്ടന് മരിച്ചപ്പോഴും എല്ലാം. പക്ഷേ അതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.
എല്ലാവര്ക്കും എന്റെ കുറ്റം കാണാനാണ് നേരം. എനിക്കന്ന് 23- 24 വയസേ ഉള്ളൂ. 11 വയസുള്ള ഒരു കുട്ടിയുടെ അമ്മയായിട്ട് പൂര്‍ണ്ണമായും മാറിയിട്ടാണ് ഞാന്‍ അവരെ സ്വീകരിച്ചത്. ഇന്ന് ഈ നിമിഷം വരെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഉപദ്രവിച്ചവരും ഉണ്ട് ആ കുട്ടിയെ. കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്, ചേട്ടന്റെ വായില്‍ നിന്ന് തന്നെ. ഞാന്‍ ഇന്ന് വരെ അത് ചെയ്തിട്ടില്ല. പിന്നെ എന്താണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല. എഫ്ബിയിലെ ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്.
മിനിയാന്ന് വരെയും പതിവുപോലെ കോണ്ടാക്റ്റ് ചെയ്യുകയും ആവശ്യമുള്ളത് കൊടുക്കുകയും ഒക്കെ ചെയ്ത ഒരു അമ്മയാണ് ഞാന്‍. പിന്നെ എന്താണ് ഇവിടെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. മൊത്തത്തില്‍ ഞാൻ കൺഫ്യൂസ്ഡാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സുധി ചേട്ടൻ വരുന്നതിന് മുമ്പും ശേഷവുമുള്ള എന്റെ ലൈഫ് സ്റ്റോറി പറഞ്ഞ് കഴിഞ്ഞാൽ ഇവിടെയൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്... പ്ലീസ്....’’ എന്നാണ് രേണു വീഡിയോയില്‍ പറഞ്ഞത്. പക്ഷേ രേണു പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല വീഡിയോയ്ക്ക് ലഭിച്ചത്.
ഇതിനു പിന്നാലെ രേണു ഒരു ഡാൻസ് വീഡിയോയും പങ്കിട്ടു. ‘‘വിവാദങ്ങൾ ഡൗൺ ആക്കും. പത്ത് പേർ മതി എനിക്ക്. ഞാൻ വീണ്ടും ഹാപ്പിയായി...’’ എന്ന് കുറിച്ചാണ് തമിഴ് സിനിമ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ രേണു പങ്കിട്ടത്. ഡാൻസ് കളിക്കുന്നത് കണ്ടാലേ അറിയാം കള്ള കരച്ചിലും മെഴുകലും ആളെ കൈയിൽ എടുക്കാൻ ഉള്ളതായിരുന്നുവെന്ന് എന്നിങ്ങനെയായിരുന്നു കമന്റുകൾ.
സോഷ്യൽമീഡിയ ഒന്നാകെ രേണുവിന് എതിരെ തിരിഞ്ഞു. കുഞ്ഞായിരുന്നപ്പോൾ മുതൽ താൻ ഒറ്റപ്പെടൽ അനുഭവിക്കുകയാണെന്നും രേണുവും കുടുംബവും പോലും പലപ്പോഴും വെറുപ്പ് കാണിച്ചുവെന്നുമാണ് കിച്ചു വെളിപ്പെടുത്തിയത്. അച്ഛനെ തന്നിൽ നിന്ന് അകറ്റിയിരുന്നുവെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട രേണു ആദ്യം വൈകാരികമായാണ് പ്രതികരിച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും കൂടുകയാണെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും സമ്മർദ്ദം താങ്ങാൻ ആവുന്നില്ലെന്നുമാണ് രേണു പറഞ്ഞത്. അതിനു പിന്നാലെയാണ് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് രേണു പുതിയ വീഡിയോ പങ്കിട്ടത്.






