
മലയാളികളുടെ പ്രിയപ്പെട്ട ഗായിക സുജാത മോഹന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകളും ഗായികയുമായ ശ്വേത മോഹന്‍. ' ഹാപ്പി ബര്‍ത്ത്ഡേ മമ്മി ക്വീന്‍' എന്നാണ് ശ്വേത മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമ്മയ്ക്കൊപ്പമുളള ഒരു മനോഹര ചിത്രവും ശ്വേത മോഹന്‍ പങ്കുവച്ചിട്ടുണ്ട്. ശ്വേതയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.
ഗായകന് കെ.ജെ. യേശുദാസിനൊപ്പം സ്റ്റേജ് ഷോകളില്‍ പാടിക്കൊണ്ടാണ് സുജാത തന്റെ സംഗീത യാത്ര ആരംഭിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ' ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സുജാത മോഹന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏഴു വയസ്സു മുതല്‍ സംഗീത ലോകത്ത് സജീവമായ സുജാത, ഇന്നും തന്റെ മനോഹരമായ ശബ്ദത്തിലൂടെ തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.






