
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍, എസ്.ഡി.പി.ഐ പിന്തുണയെച്ചൊല്ലി സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത ആരോപണപ്രത്യാരോപണങ്ങള്‍. എസ്.ഡി.പി.ഐയുടെ പിന്തുണ തള്ളാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി രംഗത്തെത്തിയതോടെയാണ് മണ്ഡലത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
സംഘടനകള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് ഇന്ന ഇന്ന സംഘടനകള്‍ വോട്ട് ചെയ്യരുത് എന്ന് പറയാനോ അത് പ്രകടനപത്രികയില്‍ എഴുതിവെക്കാനോ കഴിയില്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ എസ്.ഡി.പി.ഐയുമായി യാതൊരുവിധ ഔദ്യോഗിക ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പറഞ്ഞു.
ശിവന്‍കുട്ടിയുടെ നിലപാടിനെതിരെ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വി. ശിവന്‍കുട്ടിക്ക് ചെയ്യുന്ന വോട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് നല്‍കുന്നതിന് തുല്യമാണെന്ന് ശബരിനാഥന് ആരോപിച്ചു. കേന്ദ്രത്തിന്റെ 'പി.എം ശ്രീ' പദ്ധതിയില്‍ ഒപ്പിട്ടതിലൂടെ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായതായും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ വി. ശിവന്‍കുട്ടി എസ്.ഡി.പി.ഐയുടെ കാലുപിടിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. വര്‍ഗീയ സംഘടനകളുടെ സഹായം തേടുന്നത് എല്‍.ഡി.എഫിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ബി ടീമായി സിപിഎം ഓടിച്ചാടി ഇവിടുത്തെ നിലവിലെ എംഎല്‍എയും വിദ്യാഭ്യാസമന്ത്രിയുമായ വി.ശിവന്‍കുട്ടി തങ്ങള്‍ എസ്ഡിപിഐ യുടെ പിന്തുണയും വോട്ടും സ്വീകരിക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് മുമ്പ് ജമാ അത്തെ ഇസ്ളാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ എന്താണ് വ്യത്യാസം.
മുമ്പ് നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ എതിര്‍ത്ത സിപിഐഎം ഇപ്പോള്‍ എന്തിനാണ് എസ്ഡിപിഐ യുമായി ചേരുന്നതെന്നും ചോദിച്ചു. അതിന്റെ കുഴപ്പം മനസ്സിലാക്കിയാണ് ഇന്ന് മുഖ്യമന്ത്രി എസ്ഡിപിഐ യുടെ പിന്തുണ തേടില്ലെന്ന് പറഞ്ഞിരിക്കുന്നത്. പത്തുകൊല്ലം മുമ്പ് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരാണ് ഇടതുപക്ഷം. ഇപ്പോള്‍ ജയിക്കാന്‍ മുഖ്യമന്ത്രി എസ്ഡിപിഐ യുടെ പിന്തുണ തേടുകയാണ്.
എല്ലാം നല്ലരീതിയില്‍ ചെയ്തിട്ടുണ്ടെങ്കില്‍ വര്‍ഗ്ഗീയ കക്ഷികളുമായി ചേര്‍ന്ന് വോട്ടുതേടേണ്ട സാഹചര്യം സിപിഐഎമ്മിനുണ്ടാകുമോയെന്നും ബിശജപി നേതാവ് ചോദിച്ചു. കോണ്‍ഗ്രസിന് പറയാന്‍ മറ്റൊന്നുമില്ല വികസനത്തെക്കുറിച്ചോ അടുത്ത തലമുറയുടെ ഭാവിയെക്കുറിച്ച് പറയാനോ മുമ്പ് ഭരണം നടത്തിയപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നും പറയാനില്ലെന്നും പറഞ്ഞു.






