
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ കമ്പനി ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ഡിസൈന്‍ മാറ്റമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പ്രശസ്ത ടെക് ജേര്‍ണലിസ്റ്റ് മാര്‍ക്ക് ഗുര്‍മാന്‍ തന്റെ പവര്‍ ഓണ്‍ ന്യൂസ്ലെറ്ററില്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ചെറിയ അപ്‌ഡേറ്റുകള്‍ക്കപ്പുറം ഉപകരണത്തിന്റെ അടിസ്ഥാന രൂപകല്‍പ്പന തന്നെ മാറ്റുന്ന രീതിയിലുള്ള നവീകരണമാണ് ഐഫോണ്‍ ഫോള്‍ഡില്‍ പ്രതീക്ഷിക്കുന്നത്.
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണിന് യുഎസില്‍ ഏകദേശം 1,999 ഡോളര്‍ മുതല്‍ വില ആരംഭിക്കാമെന്നാണ് സൂചന. ഐഫോണ്‍ അള്‍ട്ര എന്ന പേരില്‍ ഇത് പുറത്തിറങ്ങാന്‍ സാധ്യതയുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഈ ഫോണ്‍ ചില സാഹചര്യങ്ങളില്‍ ഐപാഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കാന്‍ ഇടയാക്കുമെന്ന് മാര്‍ക്ക് ഗുര്‍മാന്‍ അഭിപ്രായപ്പെട്ടു. വലിയ സ്‌ക്രീന്‍ കാരണം വീഡിയോ കാണല്‍, ഗെയിമിംഗ്, പ്രൊഡക്റ്റിവിറ്റി തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ആഴമുള്ള അനുഭവം നല്‍കാന്‍ ഇതിന് കഴിയും. കൂടാതെ, ഐപാഡിനെപ്പോലെ സ്പ്ലിറ്റ്-സ്‌ക്രീന്‍ ആപ്പുകളും സൈഡ്ബാര്‍ സംവിധാനവും ഉള്‍പ്പെടുന്ന ഒരു ഇന്റര്‍ഫേസ് ഐഫോണ്‍ ഫോള്‍ഡബിളില്‍ പ്രതീക്ഷിക്കപ്പെടുന്നു.
പുതിയ ഐഫോണ്‍ ഫോള്‍ഡ് ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍ ഡിസൈനിലായിരിക്കും എത്തുക. ഇതിലൂടെ ഫോണ്‍ തുറക്കുമ്പോള്‍ വലിയ സ്‌ക്രീന്‍ അനുഭവവും അടയ്ക്കുമ്പോള്‍ സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ വലിപ്പവും ലഭിക്കും. മറ്റ് കമ്പനികള്‍ ഇതിനകം അവതരിപ്പിച്ച മോഡലുകളോട് സാമ്യമുണ്ടെങ്കിലും ആപ്പിളിന്റെ സവിശേഷ സോഫ്റ്റ്വെയര്‍ ഇന്റഗ്രേഷന്‍ ഈ ഡിവൈസിനെ വ്യത്യസ്തമാക്കും എന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ ഫോള്‍ഡബിളിന്റെ സാങ്കേതിക സവിശേഷതകളില്‍ 2nm A20 പ്രോ ചിപ്പ്, ആപ്പിളിന്റെ സ്വന്തം C2 മോഡം എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഡ്യൂവല്‍ റിയര്‍ ക്യാമറകളും ഫ്രണ്ട് ക്യാമറകളും കൂടാതെ പവര്‍ ബട്ടണില്‍ ടച്ച് ഐഡി സംവിധാനവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
7.8 ഇഞ്ച് പ്രധാന ഫോള്‍ഡബിള്‍ ഡിസ്‌പ്ലെയും 5.5 ഇഞ്ച് കവര്‍ സ്‌ക്രീനും ഉണ്ടായിരിക്കാന്‍ സാധ്യത ഉണ്ട്. ഫോണിന്റെ ദൈര്‍ഘ്യമേറിയ ഉപയോഗത്തിനായി ഡ്യുവല്‍-ലെയര്‍ ഗ്ലാസ് ഡിസൈന്‍, സ്വയം പരിഹരിക്കുന്ന സെല്‍ഫ് ഹീലിംഗ് ഗ്ലാസ്, മെച്ചപ്പെടുത്തിയ ഹിഞ്ച് സംവിധാനം എന്നിവ ഉള്‍പ്പെടുത്താനാണ് ആപ്പിളിന്റെ പദ്ധതി. ഇതിലൂടെ സ്‌ക്രീനിലെ ക്രീസുകള്‍ കുറയുകയും ഫോള്‍ഡിംഗ് കൂടുതല്‍ സ്മൂത്താകുകയും ചെയ്യും. എങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
--






