
ന്യൂഡല്‍ഹി: എഫ്സിആര്‍എ ബില്ലുമായി ബന്ധപ്പെട്ട് ഈ ആഴ്ച കേരളത്തില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചേക്കാന് സാധ്യത. പാര്‍ലമെന്റില്‍ ഇന്ന് നടക്കാനിരുന്ന ബില്‍ അവതരണം കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ബില്ലിനെ സംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നു.
ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിട്ടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജുജുവുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും സംസാരിച്ചിരുന്നതായിട്ടാണ് വിവരം. കോണ്‍ഗ്രസും സിപിഐഎമ്മും കേരളത്തില്‍ വ്യാപകമായ തെറ്റിദ്ധാരണ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രശ്നമാകുമെന്നും അറിയിച്ചിരുന്നു.
കേരളത്തില്‍ ബില്ലിനെതിരേ വലിയ പ്രചാരണമാണ് നടക്കുന്നതെന്നും പള്ളികള്‍ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള പ്രചരണമൊക്കെ നടക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിമാരെ അറിയിച്ചു. സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് ബില്‍ മാറ്റിയതെന്നാണ് കരുതുന്നത്. അതേസമയം ഈ ആഴ്ച അവസാനം പ്രധാനമന്ത്രി കേരളത്തില്‍ പ്രചരണത്തിനായി വീണ്ടും വരുന്നുണ്ട്. അപ്പോള്‍ ബില്ലുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണവും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമെന്നും കരുതുന്നു.
ക്രൈസ്തവസഭകള്‍ക്ക് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ അത് ദുരീകരിക്കേണ്ട ബാധ്യതയിലാണ് ബിജെപി ഇപ്പോള്‍. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഇക്കാര്യം വിശദീകരണം നല്കാന് സാധ്യതയുണ്ട്. ബില്‍ ഭീകരതയ്ക്ക് എതിരേയൂം രാജ്യസുരക്ഷയെയും ലാക്കാക്കിയുള്ളതാണെന്ന വിശദീകരണമായിരിക്കും ഉണ്ടാകാന്‍ സാധ്യത. കൃത്യമായ കണക്ക് ഉണ്ടെങ്കില്‍ ബില്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.






