
ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാര്’. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സിനിമയിലെ ജയസൂര്യയുടെ ഗെറ്റപ്പടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്. തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. കണ്ടു ശീലിച്ച പീരീഡ് ഫാന്റസി ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ മികച്ച ദൃശ്യ ഭാഷയിൽ ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് കത്തനാര് പറയുന്നത്.
ഇപ്പോഴിതാ ‘കത്തനാർ’ സിനിമയുടെ ടീസർ ട്രെയ്ലർ പുറത്തിറങ്ങിയ സന്തോഷം പങ്കിടുകയാണ് ജയസൂര്യ. ‘‘കത്തനാർ ടീസർ ട്രെയിലർ പുറത്തിറങ്ങി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജയസൂര്യ ഈ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരവും, ഗംഭീരമായ വിഎഫ്എക്സിനുമൊപ്പം രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ടീസർ ട്രെയിലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുകയാണ്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം, മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയും കണ്ടു ശീലിച്ച പീരീഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നുള്ളതാണ് ടീസറിന്റെ പ്രത്യേകത. അഞ്ച് വർഷം അഞ്ഞൂറോളം പേർ പ്രതിദിനം അധ്വാനിച്ചതിന്റെ ഫലം ഈ ടീസറിന്റെ ഓരോ സീനിലും കാണാം. ഉന്നതനിലവാരം പുലര്‍ത്തുന്ന ‘കത്തനാരി’ൽ ജയസൂര്യ ശക്തമായ പകർന്നാട്ടം നടത്തുകയാണ്. അനുഷ്ക ഷെട്ടിക്കൊപ്പം പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക സഞ്ജയ്, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്. 15 ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.






