
സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ്. ആദ്യ വിവാഹബന്ധത്തില്‍ നിന്നുള്ള കയ്പും വേദനയ്ക്കും ശേഷം പരസ്പരം താങ്ങായും തണലായും കരുത്തായും മാറിയവരാണ് ജിഷിനും അമേയയും. പരസ്പരം നല്ല സുഹൃത്തുക്കളായിരുന്ന ഇവര്‍ തമ്മില്‍ പ്രണയത്തിലാണോയെന്ന് പല തവണ പ്രേക്ഷകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്നൊക്കെ സൗഹൃദത്തിന് മുകളിലാണ് തങ്ങളുടെ ബന്ധമെന്ന് മാത്രമാണ് ഇവര്‍ രണ്ടാളും പറഞ്ഞിരുന്നത്.
എന്നാല്‍ ഒരു പ്രണയദിനത്തില്‍ തങ്ങള്‍ ഇഷ്ടത്തിലാണെന്ന് രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. അതിനു ശേഷം ഒരുമിച്ചുള്ള പ്രണയനിമിഷങ്ങളടങ്ങിയ ചിത്രങ്ങളും വീഡിയോകളും ആഘോഷങ്ങളുമെല്ലാം രണ്ടാളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ട്രഡീഷണല്‍ ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് ജിഷിനും അമേയയും. കറുത്ത കരയുള്ള സെറ്റും മുണ്ടും കറുത്ത ബ്ലൗസുമണിഞ്ഞ് അമേയയും കറുത്ത ഷര്‍ട്ടും കറുത്ത കരയുള്ള മുണ്ടുമണിഞ്ഞ് ജിഷിനും നാടന്‍ ലുക്കിലാണ് ചിത്രങ്ങളില്‍ തിളങ്ങുന്നത്.
‘‘അവളെത്തി... ഇനിപ്പോ ഞാൻ..ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ... അവളായി അവളുടെ പാടം ആയി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജിഷിന് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ‘പാതിരാപ്പുള്ളുര്ന്നു...’ എന്ന ഗാനവും ബാക്ക്ഗ്രൗണ്ടില്‍ താരം നല്‍കിയിട്ടുണ്ട്. നിരവധി ആരാധകരാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ‘ചേർന്ന് ഇരിക്കുമ്പോഴാണ് മനോഹരം...എന്നും ഇങ്ങനെ ഒരുമിച്ചു ഉണ്ടാവണം, എന്തു രസമാ രണ്ടുപേരും, പെര്‍ഫക്ട് മാച്ച്...’ എന്നതടക്കമാണ് കമന്റുകള്‍.
വില്ലന്‍ വേഷങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ജിഷിന് മലയാളം ബിഗ് ബോസിലും മത്സരാര്‍ത്ഥിയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്ട്രികളിലെ ഒരാളായിരുന്നു ജിഷിന് മോഹന്‍. ഇക്കഴിഞ്ഞ സീസണിൽ വന്ന വൈൽഡ് കാർഡുകളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന ഒരാൾ കൂടിയായിരുന്നു ജിഷിന്.
വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ജിഷിന് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു. വിവാഹമോചനത്തിന് പിന്നാലെ താൻ ലഹരിക്ക് അടിമപ്പെട്ടെന്നും ജീവിതം വളരെ മോശമായ രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നതെന്നും ജിഷിൻ വെളിപ്പെടുത്തിയിരുന്നു. അമേയ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ഈ ദുശീലങ്ങളിൽ നിന്നെല്ലാം താൻ മോചിതനായതെന്നും താരം തുറന്നുപറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്. വരദയ്ക്കൊപ്പമാണ് ഈ മകനിപ്പോള്‍ ഉള്ളത്.






