
ചിരിച്ച മുഖത്തോടെ പ്രേക്ഷകരെ എന്നും എന്റര്ടെയ്ന് ചെയ്യിപ്പിച്ചിട്ടുള്ള അവതാരകനായിരുന്നു രാജേഷ് കേശവ്. നിഷ്കളങ്കമായ മുഖവും പ്രസന്നമായ സംസാരവും നിറചിരിയുമൊക്കെയായിരുന്നു രാജേഷിനെ വേറിട്ടു നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി രാജേഷ് എല്ലാവരുടെയും മനസ്സിലൊരു നൊമ്പരമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുകയാണ് രാജേഷ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രാജേഷിന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഇപ്പോഴിതാ രാജേഷ് കേശവിന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് കുറിക്കുകയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. പിറന്ന നാട്ടിലേക്ക് രാജേഷിനെ കൊണ്ടുവന്നുവെന്നും കുറച്ചു നാള് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് സുഹൃത്ത് കുറിച്ചിരിക്കുന്നത്. ഒപ്പം ഈ ചികിത്സായാത്രയില് ഒപ്പം ചേര്‍ന്നു നിന്നവര്‍ക്കും പ്രത്യേകിച്ച് സുരേഷ്ഗോപിക്കും കടപ്പാടും കുറിച്ചിട്ടുണ്ട് സുഹൃത്ത്.
‘‘രാജേഷ് തിരുവനന്തപുരത്തേയ്ക്ക്...
പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകൾക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയിൽ വളരെ സങ്കീർണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും CMC വെല്ലൂർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. അവിടുത്തെ PMR ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ നല്ല മാറ്റങ്ങൾ അത് പതുക്കെയാണെങ്കിലും കണ്ടു തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഇനിയും ഈ രീതികൾ നാട്ടിൽ തുടരാനാണ് തീരുമാനം.
വെല്ലൂർ ആശുപത്രിയിലെ നാലു ചുമരുകൾക്ക് അപ്പുറം നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നത്.
ആശുപത്രിയിൽ എത്തി രാജേഷിനോടൊപ്പം സമയം ചിലവഴിച്ച കുറച്ചു നല്ല മനസ്സുകളെ ഹൃദയം കൊണ്ട് നമിക്കുന്നു. ഭാരിച്ച തിരക്കുകൾ ഇടയിലും ഒരു ദിവസം മുഴുവൻ രാജേഷിനൊപ്പം സമയം ചിലവഴിച്ചു, ഡോക്ടർമാരുടെ പാനലുമായി ചികിത്സാ കാര്യങ്ങൾ ഏകോപിച്ച ശ്രീ സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്. ശ്രീ ശ്രീകണ്ഠന് നായര്‍, ശ്രീ കൃഷ്ണമൂര്‍ത്തി എന്നിവരോടും എന്നും നന്ദി. രാജേഷിന്റെ ക്ലാസ്സിലെ ചില സുഹൃത്തുക്കൾ, മുൻപ് കൂടെ ജോലി ചെയ്തിരുന്നവരിൽ ചിലരൊക്കെ ആശുപത്രിയിൽ വരികയും പഴയ ഓർമ്മകളിലേക്ക് അവനെ കൂട്ടികൊണ്ട് പോകുകയും ചെയ്തു. അവിടെ എത്തിയത് മുതൽ ഇന്നുവരെയും ഞങ്ങളെ ചേർത്ത് നിർത്തിയ കുറച്ചു ദൈവ തുല്യരായ ആളുകളുണ്ട്, ഒപ്പം ചെറുതും വലുതുമായി ചികിത്സാ ചിലവുകൾക്ക് അറിഞ്ഞു സഹായം നൽകിയ ചില വലിയ സുമനസ്സുകളുടെ കാരുണ്യത്തിന് മുന്നിൽ പറയാൻ വാക്കുകളില്ല.
ഇത്രയും കാലം കൂടെ നിന്നവരോട്, ചേർത്ത് നിർത്തിയവരോട്, രാജേഷിന്റെ വിവരങ്ങൾ കൃത്യമായി അന്വേഷിക്കുന്നവരോട്... ഇനിയും അവന്റെ യാത്രയിൽ നിങ്ങൾ കൂടെ വേണം, അവനും അവന്റെ കൂടെയുള്ളവരും വീണു പോകാതെ താങ്ങി നിർത്താൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം.. അറിഞ്ഞു ചെയ്യണം...
അവൻ തിരിച്ചു വരും.. വന്നേ പറ്റൂ...എപ്പോൾ എന്നത് ദൈവ നിശ്ചയം...
പ്രാർത്ഥനകൾ തുടരുക... പ്രതീക്ഷയുടെ വെളിച്ചം അകലെയല്ല....’’ എന്നാണ് പ്രതാപ് ജയലക്ഷ്മി കുറിച്ചിരിക്കുന്നത്. വീഡിയോ സഹിതമാണ് പ്രതാപ് ജയലക്ഷ്മി ഈ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. വെല്ലൂരിലെ നാലുചുമരുകൾക്കുള്ളിലെ ചികിത്സയേക്കാൾ സ്വന്തം നാട്ടിലെ പച്ചപ്പും പ്രിയപ്പെട്ടവരുടെ സാമീപ്യവും രാജേഷിന് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുമെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെത്തുടർന്നാണ് ഈ തീരുമാനമെന്നും സുഹൃത്ത് കുറിച്ചിട്ടുണ്ട്.






