
കാഞ്ഞാണി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണവുമായി മുന്നണികള്‍ മൂമ്പോട്ട് പോകുമ്പോള്‍ കലുങ്ക് ആല്‍ത്തറ സംവാദങ്ങളുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും. നാട്ടിക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അന്തിക്കാട് കുളത്തിന് സമീപമുള്ള ആല്‍ത്തറയില്‍ പരിപാടി പുനരാരംഭിച്ചു.
സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് സുരേഷ്ഗോപി തുടങ്ങിയത്. 'മുകുന്ദേട്ടാ നാട്ടിക വിളിക്കുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നാട്ടികയിലെ ജനങ്ങള്‍ മനസ്സ് വെച്ചാല്‍ മുകുന്ദന്റെ വിജയം സുനിശ്ചിതമാണെന്നും, കുറഞ്ഞത് 15,000 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംവിധായകന് സത്യന് അന്തിക്കാടിന്റെ വീട്ടിലെത്തിയ സുരേഷ് ഗോപി, നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു.
എന്തുകൊണ്ട് മുകുന്ദന് എന്ന ചോദ്യത്തിന് എന്തുകൊണ്ടും മുകുന്ദന് എന്നാണ് തനിക്ക് കിട്ടിയ ഉത്തരമെന്നും തന്നെക്കാള്‍ പ്രായം കുറവാണെങ്കിലും ഒരു വലിയേട്ടന്റെ ഗാംഭീര്യമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും പറഞ്ഞു. ജനകീയ സംവാദങ്ങള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.






