
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്.
സിനിമാ ചിത്രീകരണസ്ഥലത്തെ ലൈംഗികാതിക്രമത്തേത്തുടര്‍ന്ന്, അതിജീവിത കാരവനില്‍നിന്ന് കരഞ്ഞുകൊണ്ടു പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നതായി എറണാകുളം സിറ്റി കമ്മിഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു.
അതിജീവിത മാനസികമായി തകര്‍ന്ന നിലയിലാണ്. കൗണ്സലിങ്ങിനുശേഷമാണ് പരാതിപ്പെടാന്‍ തയാറായത്. കരഞ്ഞുകൊണ്ടാണ് വന്നത്. വലിയ ആളാണ് എതിര്കക്ഷിയെന്നതായിരുന്നു അതിജീവിതയ്ക്കു മുന്നിലുള്ള വെല്ലുവിളി. സമാനമായ രണ്ട് കേസുകള്‍ മുമ്പുംപ്രതിക്കെതിരേ ഉണ്ടായിരുന്നു. രണ്ടുദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ചിട്ടുണ്ട്. അതിജീവിതയായ നടി ആഭ്യന്തര പരാതി പരിഹാരസമിതി(ഐ.സി.സി)ക്ക് പരാതി നല്‍കിയോ എന്നതടക്കം രഹസ്യമാണ്. തെളിവ് ശേഖരിച്ചുവരുന്നു. ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മിഷണര്‍ അറിയിച്ചു.
അസി. ഡയറക്ടറെയും നടനെയും ചോദ്യംചെയ്യും
രഞ്ജിത്തിനെ സഹായിച്ചെന്നു സംശയിക്കപ്പെടുന്ന നടന് ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും ചോദ്യംചെയ്യാനാണ് എസ്.ഐ.ടി. നീക്കം. പ്രതിയെ സഹായിച്ചെന്നു സ്ഥിരീകരിച്ചാല്‍ ഇവരെ പ്രതിചേര്‍ക്കും. ലൈംഗികാതിക്രമവിവരം ഷൂട്ടിങ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നും അന്വേഷിക്കും.
അഭിഭാഷകന് പിന്മാറി
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് രഞ്ജിത്തിന്റെ വക്കാലത്തൊഴിഞ്ഞ് അഡ്വ. മുഹമ്മദ് സിയാദ്. ചലച്ചിത്രമേഖലയിലെ ആഭ്യന്തര പരാതി പരിഹാരസമിതി (ഐ.സി.സി) അംഗമായിരുന്ന മുഹമ്മദ് സിയാദ് ലൈംഗികാതിക്രമക്കേസില്‍ രഞ്ജിത്തിനുവേണ്ടി ഹാജരായത് വിവാദമായിരുന്നു.
കുടുംബസുഹൃത്തായതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്തെടുത്തതെന്നും ഐ.സി.സിക്ക് അതിജീവിത പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു സിയാദിന്റെ പ്രതികരണം.






