ബത്തേരി: ചൂട് പിടിച്ചുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ ബത്തേരിയില്‍ മൂന്നു പ്രധാന മുന്നണികളിലെ സ്ഥാനാര്‍ഥികളും ഒപ്പം മറ്റു സ്ഥാനാര്‍ഥികളും വോട്ടുറപ്പിക്കാനുള്ള നേട്ടോട്ടത്തിലാണ്. കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സി.പി.എമ്മിലെ എം.എസ്. വിശ്വനാഥന്, ബി.ജെ.പിയിലെ എ.എസ്. കവിത എന്നിവരാണ് ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം, ശിലയില്‍ ഒതുങ്ങിയ ബൈരക്കുപ്പ പാലം, യാഥാര്‍ഥ്യമാകാത്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, സഹകരണ ബാങ്കുകളിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണം, ഡി.സി.സി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയന്റെയും മകന്റെയും വിഷം അകത്തുചെന്നുള്ള മരണം, മുള്ളന്‍കൊല്ലി പഞ്ചായത്തംഗമായിരുന്ന ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ എന്നിവ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. കഴിഞ്ഞ 15 വര്‍ഷമായി ബത്തേരി എം.എല്‍.എയാണ് ബാലകൃഷ്ണന്. ഒന്നര പതിറ്റാണ്ടിനിടെ അനേകം കോടി രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടത്തിയെന്നും വികസനത്തുടര്‍ച്ചയ്ക്ക് ബാലകൃഷ്ണന് വീണ്ടും നിയമസഭയില്‍ എത്തേണ്ടതുണ്ടെന്നും വിവരിച്ചാണ് യു.ഡി.എഫ് വോട്ട് തേടുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിഷയങ്ങളും അവര്‍ അവതരിപ്പിക്കുന്നുണ്ട്. ദേശീയപാതയില്‍ ഒരു പതിറ്റാണ്ടില്‍ അധികമായി തുടരുന്ന യാത്രിയാത്രാ നിരോധനം നീക്കുമെന്നത് ലോക്സഭാ തെരഞ്ഞെടുപ്പുകാലങ്ങളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നാണ്. ഇത് വീണ്വാക്കായിരുന്നുവെന്ന് വിശദീകരിച്ച് വോട്ട് തേടുന്ന എല്‍.ഡി.എഫ് പത്ത് വര്‍ഷം മുമ്പ് മണ്ഡലത്തിന് അനുവദിച്ച ആര്‍ട്സ് ആന്‍ഡ് കോളജ് യാഥാര്‍ഥ്യമാകാത്തതിന് ഉത്തരവാദിത്വം സിറ്റിംഗ് എം.എല്‍.എയിലാണ് ആരോപിക്കുന്നത്. എന്നാല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങാത്തതിന് ഇടത് സര്‍ക്കാരിനെയാണ് യു.ഡി.എഫ് പഴിപറയുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിട്ടും ബൈരക്കുപ്പ പാലം പണിക്കുള്ള തടസങ്ങള്‍ നീക്കാന്‍ കഴിയാത്തത് ബാലകൃഷ്ണന്റെ പരാജയമായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്നതാണ് ബൈരക്കുപ്പ പാലം ശിലാസ്ഥാപനം. വികസന വിഷയങ്ങളില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരേപോലെയാണ് എന്‍.ഡി.എ കടന്നാക്രമിക്കുന്നത്. ജില്ലയിലെ ആദിവാസി ഭൂ-ഭവന പ്രശ്നത്തിന് പരിഹാരമാകാത്തത് മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫും എന്‍.ഡി.എയും തെരഞ്ഞടുപ്പ് വിഷയമാക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ നടക്കുന്ന ആദിവാസി ഭൂ സമരത്തിന് പതിറ്റാണ്ടില്‍ അധികമാണ് പഴക്കം.



