
പുല്‍പ്പള്ളി: ദൈവപുത്രന് മനുഷ്യരാശിക്കായി കാട്ടികൊടുത്ത പങ്ക് വയ്ക്കലിന്റെയും എളിമയുടെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസി സമൂഹം പെസഹ വ്യാഴം ആചരിച്ചു. അമ്പത് നോമ്പാചരണത്തിന്റെ പ്രധാന ദിനങ്ങളിലേക്ക് കടന്നതോടെ ദേവാലയങ്ങളിലും ഭവനങ്ങളിലും ഇനി പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാര്ക്കൊപ്പം യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ഇന്നലെ പെസഹാവ്യാഴം ആചരിച്ചു. അമ്പത് നോമ്പാചരണത്തിന്റെ പ്രധാന ദിനമായ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും, മറ്റ് പ്രാര്‍ത്ഥനകളും നടന്നു. കാല്‍കഴുകല്‍ ശുശ്രൂഷയാണ് പ്രത്യേകമായ ചടങ്ങ്. അന്ത്യ അത്താഴവേളയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണയാണ് ഈ ആചരണം. വിവിധ ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ പൂര്‍ത്തിയായി. ഇന്ന് യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ദുഖവെള്ളി ആചരിക്കും. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡകള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടേയും, അതിന് ശേഷമുള്ള കുരിശു മരണത്തിന്റെയും ഓര്‍മ്മ പുതുക്കി ഈശോയുടെ കുരിശിലെ ബലി മനുഷ്യ പാപത്തിനുള്ള പ്രായശ്ചിത്തമായിരുന്നു. മനുഷ്യനായി പിറന്ന ദൈവപുത്രന്റെ പീഡസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ ദു:ഖവെള്ളി ശുശ്രൂഷയിലും കുരിശിന്റെ വഴിയിലും നിരവധി വിശ്വാസികള്‍ പങ്കുചേരും.
ഇന്ന് പ്രത്യേകമായി കുരിശിന്റെ വഴി അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടക്കും. മാനവരാശിയുടെ പാപമോചനത്തിനും കുരിശില്‍ മരണം വരിച്ച യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ശനിയാഴ്ച വൈകിട്ട് മുതല്‍ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ചടങ്ങുകളും നടക്കും. ഉയിര്‍പ്പിനോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ നിരവധി വിശ്വസികള്‍ പങ്കു ചേരും. ഇതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈസ്റ്റര്‍ ഞായറാഘോഷങ്ങളോടെ ക്രൈസ്തവ സമൂഹത്തിന്റെ 50 നോമ്പാചരണം സമാപിക്കും.


