
പാലക്കാട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍മാങ്കൂട്ടത്തിലിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷത്തില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി. ഇത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ഡീലാണെന്നും ആക്ഷേപം ഉയര്‍ത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് റസാഖ് രംഗത്ത് വന്നിട്ടുണ്ട്.
റസാഖ് പാലക്കാട്ടെ കോണ്‍ഗ്രസിന്റെ വേദിയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നെന്നും കോണ്‍ഗ്രസിന്റെ സന്തതസഹചാരിയെ സിപിഐഎം സ്ഥാനാര്ത്ഥിയാക്കുകയായിരുന്നെന്നും ബിജെപി ആരോപിക്കുന്നു. സിപിഐഎം അദ്ദേഹത്തെ സ്വന്തം ചിഹ്നത്തില്‍ പോലും മത്സരിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. അതേസമയം ആരോപണം റസാഖ് നിഷേധിച്ചിരിക്കുകയാണ്. അത് രാഹുല്‍മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിന്റെ ഫോട്ടോ അല്ലെന്നും ബിജെപി പുറത്തുവിട്ടിരിക്കുന്നത് കൊട്ടിക്കലാശത്തിന്റെ വീഡിയോ ആണെന്നും അത് സ്വാഭാവികമായും തന്റെ കടയുടെ മുന്നില്‍ നടന്നതാണെന്നുമാണ് റസാഖിന്റെ മറുപടി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചപ്പോള്‍ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ വിജയാഘോഷം നടന്നിരുന്നു. അതിന്റെ ഭാഗമായി റസാഖും ഉണ്ടായിരുന്നെന്നാണ് ബിജെപി ആരോപണം. അതിന്റെ ഭാഗമായിട്ടുള്ളത് എന്ന് പറയുന്ന ചില ഫോട്ടോകളും ബിജെപി അനുകൂല ഹാന്റിലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെന്ന് ആരോപണമാണ് ബിജെപി നടത്തുന്നത്. എന്എംഎആര് റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ ഇദ്ദേഹം കോണ്‍ഗ്രസുകാരനാണെന്ന ആക്ഷേപം ബിജെപി നടത്തുന്നുണ്ടായിരുന്നു. അതിന്റെ തെളിവെന്ന നിലയിലാണ് ബിജെപി ഫോട്ടോ പുറത്തുവിടുന്നത്.
എന്നാല്‍ റസാഖ് ആരോപണം നിഷേധിക്കുന്നത് താന്‍ വിജയാഘോഷത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പാലക്കാട്ടെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു വിജയാഘോഷമെന്നും അവിടെ തനിക്ക് കടയുണ്ടെന്നുമാണ് പറയുന്നത്. ആള്‍ക്കൂട്ടം വന്നപ്പോള്‍ താന്‍ പുറത്തിറങ്ങി നിന്നിരുന്നു. അപ്പോള്‍ ആരെങ്കിലും ഫോട്ടോയെടുത്തതാകാമെന്നും പറയുന്നു. അതേസമയം ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള പോരില്‍ തല്ക്കാലം ഇടപെടാതെ മാറി നില്ക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്.






