
കൊച്ചി : ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ടെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർഥിയും സഹോദരി ഭർത്താവുമായ ഡോക്ടർ വർഗീസ് ജോർജ്. ഉമ്മൻചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.
തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മൻ ചാണ്ടിയുടെ ശവക്കല്ലറയിൽ താൻ പോയിട്ടില്ല. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയമാണ് താൻ അംഗീകരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് താൻ ഒറ്റയ്ക്ക് പോയി കല്ലറയിൽ തിരി കത്തിച്ചു മടങ്ങിപ്പോന്നിരുന്നു. തൻറെ പേര് ചേർത്ത് മുതലക്കണ്ണീർ ഒഴുക്കി എന്ന് പറയരുതെന്നും ഡോക്ടർ വർഗീസ് ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊടുങ്ങലൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ചാണ്ടി ഉമ്മൻ വിമർശനം ഉന്നയിച്ചത്. അടിയുറച്ച കോൺഗ്രസുകാരന്റെ പേരിൽ ആരും മുതലെടുക്കാൻ വരണ്ട. ഒ ജെ ജനീഷ് എന്റെ സഹോദരതുല്യനാണ്. ഒ ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. അദേഹത്തിന്റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടിയിൽ പറഞ്ഞു.






