
ആലപ്പുഴ: കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധം പകല്‍പോലെ വ്യക്തമാണെന്നും സിപിഐഎമ്മിനെ നയിക്കുന്നത് വര്‍ഗ്ഗീയതയുടെ അദൃശ്യകരങ്ങളാണെന്നും രാഹുല്‍ഗാന്ധി. ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കപ്പെടുമെന്നും മുതിര്‍ന്ന നേതാക്കള്‍ ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് വരുന്നത് തകര്‍ച്ചയുടെ സൂചനയാണെന്നും പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സിപിഐഎം അന്തര്‍ധാര സജീവമാണെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പോലും കേന്ദ്രം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശിച്ചു.
ബിജെപിയെയും ആര്‍എസ്എസിനെയും നഖശിഖാന്തം എതിര്‍ക്കുന്ന തന്റെ പേരില്‍ മുപ്പത്തിയെട്ടോളം കേസുകളുണ്ട്. നരേന്ദ്ര മോദി തന്നെയും കോണ്‍ഗ്രസിനെയും നിരന്തരം വേട്ടയാടുന്നു. എന്നാല്‍, ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ കേരള മുഖ്യമന്ത്രിയെ തൊടാത്തതെന്നും അദ്ദേഹം ചോദിച്ചു.
അടിസ്ഥാനാദര്‍ശങ്ങളില്‍ നിന്ന് ഇടത് മുന്നണി വ്യതിചലിച്ചു. യഥാര്‍ത്ഥ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഇന്ന് വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. അവസരവാദികളായ ഒരു വിഭാഗവും അധികാരം നിലനിര്‍ത്താന്‍ ആരുടെ സഹായവും സ്വീകരിക്കാന്‍ മടിക്കാത്ത മറ്റൊരു വിഭാഗവുമാണ് ഇന്ന് എല്‍ഡിഎഫിനെ നയിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി മയക്കുമരുന്നിന്റെ വ്യാപനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളം ഇന്ന് രാജ്യത്തെ ലഹരിമരുന്ന് തലസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സാധാരണക്കാരുമായുള്ള ബന്ധം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.' ന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ മുഖ്യമന്ത്രിക്ക് അക്രമികളുമായാണ് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. ബകര്ഷകരും കയര്‍ തൊഴിലാളികളും അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
കേരളത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് യുഡിഎഫ് പ്രകടനപത്രികയില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ താഴെ പറയുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മോദി സര്‍ക്കാര്‍ ആഗോള തലത്തിലെ ഗൂഢാലോചനകളുടെ ഭാഗമാണെന്നും ട്രംപിന്റെ നയങ്ങളാണ് മോദി ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്നും പരിഹസിച്ചു.






