
മലയാളം ബിഗ് ബോസിന്റെ ഏഴാം സീസണ് വിജയിയായ അനുമോള്‍ (Anumol) ഏഷ്യാനെറ്റിലെ ഹിറ്റ് റിയാലിറ്റി ഷോയ്ക്ക് മുമ്പേ തന്നെ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലൂടെ ആളുകള്‍ക്ക് സുപരിചിതയായിരുന്നു. ബിഗ് ബോസിലെ നൂറു ദിവസത്തെ വാശിയേറിയ പോരാട്ടത്തിന് ഒടുവില്‍ അനുമോള്‍ കപ്പ് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസ് വിന്നറായ അനുമോള്‍ക്ക് 42 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി ലഭിച്ചത്. പണം കൂടാതെ മാരുതി സുസുക്കിയുടെ പുത്തന്‍ എസ്യുവിയും വിജയിക്ക് സമ്മാനമായി ലഭിക്കുമെന്ന കാര്യം ഏഷ്യാനെറ്റ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വാഹനം അനുമോളുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്.
പുതിയ അതിഥിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരിലേക്ക് താരം എത്തിച്ചിരിക്കുന്നത്. ഇത് ഒരു കാര്‍ മാത്രമല്ല... എന്റെ പരിശ്രമത്തിന്റെ, വിശ്വാസത്തിന്റെ, നിങ്ങളൊക്കെ നല്കിയ സ്നേഹത്തിന്റെ ഫലമാണെന്നും എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് ഇതുവരെ കൊണ്ടുവന്ന എല്ലാ ഓഡിയന്‍സിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും വിവരിച്ചുകൊണ്ടാണ് അനുമോള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഈ മനോഹരമായ ഗിഫ്റ്റ് നല്കിയ മാരുതി സുസുക്കി അരീന ഇന്‍ഡസ് മോട്ടോര്‍ കമ്പനി ടീമിനും പ്രത്യേക നന്ദിയും അനുമോള്‍ അറിയിച്ചിട്ടുണ്ട്.
മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്യുവിയായ വിക്ടോറിസാണ് അനുമോളുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളിലാണ് മോഡല്‍ വിപണിയിലെത്തുന്നത്. വിക്ടോറിസിന്റെ ടോപ്പ് എന്‍ഡ് ഹൈബ്രിഡ് വേരിയന്റാണ് അനുമോള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. 10.50 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എസ്യുവിക്കായി ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എന്‍ഡ് നിരത്തിലിറങ്ങുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സും എല്ലാമായി ഏകദേശം 24.57 ലക്ഷം രൂപയോളം ഓണ്‍-റോഡ് വില വരുമെന്നാണ് കണക്കുകള്‍.
ഭാരത് NCAP, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി മാരുതി സുസുക്കി വിക്ടോറിസ് ഏവരേയും ഞെട്ടിച്ചിരുന്നു. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡോള്‍ബി അറ്റ്മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS സ്യൂട്ട്, ജെസ്റ്റര്‍ കണ്‍ട്രോളോടുകൂടിയ പവര്‍ഡ് ടെയില്‍ഗേറ്റ്, അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക്, പനോരമിക് സണ്‍റൂഫ് എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.
ഒപ്പം 60W, 45W യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും മാരുതിയുടെ മിഡ്-സൈസ് എസ്യുവിയുടെ ഭാഗമാണ്. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന് എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് വിക്ടോറിസിന് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. മൈലേജിലേക്ക് വന്നാല്‍ 28.65 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വിക്ടോറിസിന്റെ ഹൈബ്രിഡ് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിക്ടോറിസിന്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.






