
എടത്വാ: പെസഹാദിനത്തില്‍ ഭാഗ്യദേവത കുഞ്ഞ് അച്ചാമ്മയെ കടാക്ഷിച്ചു, ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ഭാഗ്യക്കുറിക്ക് ഒരു കോടി രൂപ സമ്മാനം!
വ്യാഴാഴ്‌ച നടന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് എടത്വാ കൊച്ചമ്മനം ജങ്‌ഷനു സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയ്‌ക്ക് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്.
സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5000 രൂപയും കിട്ടി. തിരുവല്ലയിലെ ഏജന്‍സിയില്‍നിന്ന് കോതപ്പുഴശേരി ജോര്‍ജുകുട്ടി വിറ്റ കാരുണ്യാ ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റുകള്‍ കുഞ്ഞ് അച്ചാമ്മ വാങ്ങിയിരുന്നു. നറുക്കെടുപ്പത്തിന് ശേഷം ടിക്കറ്റിന്റെ നമ്പര്‍ കുഞ്ഞ് അച്ചാമ്മ പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. സമ്മാനം ലഭിച്ചില്ലെന്നു കരുതി രണ്ടാമത്തെ ടിക്കറ്റ് ചവറ്റുകൊട്ടയിലിട്ടു.
ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രിയില്‍ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ് തെരഞ്ഞു. ഒടുവില്‍ ചവറ്റുകുട്ടയില്‍നിന്ന് ടിക്കറ്റ് കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ -തിരുവല്ല സംസ്‌ഥാനപാതയില്‍ കൊച്ചമ്മനം ജംങ്‌ഷന് സമീപം ചെറുകിട കച്ചവടം നടത്തിയാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം തേടിയിരുന്നത്. പെസഹാ ദിനത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചതാണെന്ന് അവര്‍ പറയുന്നു.






