
തിരുവല്ല: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്നതിന് പിന്നാലെ വേദിയിലെ പേപ്പര്‍ വെയ്റ്റും സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയില്‍ ഇന്നലെ നടന്ന പ്രചരണ പരിപാടിയില്‍ സംസാരിച്ച ശേഷം പ്രസംഗവേദിയില്‍ കണ്ട ഒരു പ്രത്യേക പേപ്പര്‍ വെയ്റ്റ് ഇഷ്ടപ്പെട്ട് അത് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ എസ്പിജിയ്ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.
പ്രതലത്തില്‍ ഉറപ്പിച്ചു നിര്‍ത്തി കറക്കാന്‍ സാധിക്കുന്ന, ക്രിസ്റ്റലില്‍ നിര്‍മിച്ച 16 ദളങ്ങളുള്ള ഫെങ് ഷൂയി താമര അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. വേദി വിട്ട് പത്തു മിനിറ്റിനകം തന്നെ തന്റെ എസ്പിജി സംഘത്തെ വിളിച്ച് അത്തരം രണ്ട് പേപ്പര്‍ വെയ്റ്റുകള്‍ ഡല്‍ഹിയിലേക്ക് അയക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സംഘാടകര്‍ ഉടന്‍ തന്നെ ഇവ വാങ്ങി ഗസ്റ്റ് ഹൗസിലെത്തിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അത്യപൂര്‍വ്വമായ വരവേല്‍പ്പില്‍ 1500 താമരപ്പൂക്കള്‍ കോര്‍ത്ത 200 കിലോ തൂക്കമുള്ള കൂറ്റന്‍ മാല പ്രധാനമന്ത്രിയെ അണിയിച്ചു. പെരിങ്ങര സ്വദേശിനിയായ ഇന്ദിരാമ്മ (85) എന്ന വൃദ്ധയുടെ മൂന്ന് ദിവസത്തെ കഠിനാധ്വാനമാണ് ഈ മാല. ആദ്യം 300 കിലോയുടെ മാലയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഭാരം കുറയ്ക്കുകയായിരുന്നു. ആറ് വൊളന്റിയര്‍മാര്‍ ചേര്‍ന്നാണ് ഈ ഭീമന്‍ മാല ഉയര്‍ത്തിയത്. പടയണിയുടെ തപ്പും ആറന്മുള കണ്ണാടിയും ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ സ്വീകരിച്ച അദ്ദേഹം, കുട്ടികള്‍ വരച്ച ചിത്രങ്ങളും ഏറ്റുവാങ്ങി.
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ വികസനവും രാഷ്ട്രീയ വിമര്‍ശനവും ഒരുപോലെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, തിരുവല്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണിയെ തന്റെ 'വലംകൈ' എന്ന് വിശേഷിപ്പിച്ച് മണ്ഡലത്തിന് സമര്‍പ്പിച്ചു.
'എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ...' എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും യുപിഎ സര്‍ക്കാരിനേക്കാള്‍ അഞ്ചിരട്ടി സഹായം എന്‍ഡിഎ ഭരണകാലത്ത് കേരളത്തിന് നല്‍കിയെന്നും, റബര്‍ കര്‍ഷകര്‍ക്കും വന്ദേഭാരത് പോലുള്ള പദ്ധതികള്‍ക്കും കേന്ദ്രം മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാരിന്റെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ചടങ്ങില്‍ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളും 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും പങ്കെടുത്തു. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യോഗം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.






