
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് കേവലം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ട്വന്റി 20ക്ക് തിരിച്ചടി. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെ പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുന്‍പ് രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരണപ്പെട്ടെന്നും ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നും ആരോപിച്ചു. നേരത്തേ യുഡിഎഫുമായി സീറ്റുനില തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.
വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനയിരുന്നു. പൂജാ ജോമോന്‍ രാജിവെച്ച പശ്ചാത്തലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് യുഡിഎഫ്. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ് പുതൃക്ക എന്നിരിക്കെയാണ് ഈ തിരിച്ചടി.






