
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി - എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് രാഹുൽ ഗാന്ധി. തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു. എപ്പോഴും മതത്തെ കുറിച്ച് പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് മറന്നുപോകുന്നതെന്ന് ചോദിച്ച രാഹുൽ മോദി ഇടതുപക്ഷത്തെ സഹായിക്കുകയാണെന്നും പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി- എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്. എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. മോദി ഇടതുപക്ഷത്തെ സഹായിക്കാനാണ് ശബരിമല ക്ഷേത്രത്തെ മറന്നുപോയത്.
മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ ഗാന്ധി തൃശ്ശൂരിൽ പറഞ്ഞു. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചവരും മണിപ്പൂരിനെ കത്തിക്കാൻ കാരണമായതുമായ ആളുകളാണ് ഈ തെരഞ്ഞെടുപ്പിൽ ഇവിടെ പങ്കാളികളാകുന്നത്. കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹം. കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്റെ ആത്മാവുണ്ട്. വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ് എന്നുഗ രാഹുൽ പറഞ്ഞു.






