
തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന 'ഇന്ദിരാ ഗ്യാരന്റി' വെറും പൊള്ളയാണെന്നും ജനങ്ങളെ വഞ്ചിക്കാനുള്ള തന്ത്രമാണെന്നും പരിഹസിച്ചു ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. വികസന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യധാരണയുടെ പേരാണ് 'ഇന്ത്യ സഖ്യം'. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചയിലും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലും കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനം ഈ കൂട്ടുകെട്ടിന് തെളിവാണ്. സിപിഎമ്മുമായി ബിജെപിക്ക് ഡീല്‍ ഉണ്ടെന്ന ആരോപണം അദ്ദേഹം പൂര്‍ണ്ണമായും തള്ളി.
സിപിഎമ്മുമായി സന്ധി ചെയ്യേണ്ട സാഹചര്യം ബിജെപിക്കില്ല. അവരുടെ അഴിമതികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ധാരണയ്ക്കുള്ള സാധ്യത വട്ടപ്പൂജ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്തെ പോരാട്ടം വികസനവും നുണപ്രചാരണവും തമ്മിലുള്ളതാണെന്ന് ബിജെപി അധ്യക്ഷന്‍ ആവര്‍ത്തിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനങ്ങളും നല്‍കുമെന്നതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയെന്ന് രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.






