
ബഹിരാകാശ സഞ്ചാര ചരിത്രത്തിലെ 54 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ആര്‍ട്ടെമിസ്-2 സംഘം ചരിത്രം സൃഷ്ടിച്ചു. ഭൂമിയില്‍ നിന്നും ഏകദേശം 4,00,171 കിലോമീറ്റര്‍ അകലെ സഞ്ചരിച്ച് അപ്പോളോ ദൗത്യം കൈവരിച്ച നേട്ടത്തെയാണ് ഈ സംഘം മറികടന്നത്. ഇന്ത്യന്‍ സമയം രാത്രി 11:26-ഓടെയാണ് ഈ നിര്‍ണ്ണായക നാഴികക്കല്ല് ദൗത്യം പിന്നിട്ടത്.
ഭൂമിയില്‍ നിന്നും ഒരിക്കലും കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ അജ്ഞാതമായ മറുഭാഗം നേരിട്ട് കാണുന്ന ആദ്യ മനുഷ്യരെന്ന പദവിയും ഈ സംഘം സ്വന്തമാക്കി. ഇവിടുത്തെ അത്യപൂര്‍വ്വ ദൃശ്യങ്ങള്‍ ഇവര്‍ ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്. ഭൂമിയില്‍ നിന്നും ഏകദേശം 2,32,000 മൈല്‍ ദൂര പരിധി കടന്നാണ് പേടകം കുതിക്കുന്നത്. ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് ക്രിസ്റ്റീന കോച്ചിലൂടെ ഈ ദൗത്യം യാഥാര്‍ത്ഥ്യമാക്കി.
നാലംഗ സംഘമാണ് ഈ ചരിത്രയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്: റീഡ് വൈസ്മാന്‍ (മിഷന്‍ കമാന്‍ഡര്‍, നാസ), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്, നാസ), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്, നാസ), ജെറമി ഹാന്‍സന്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്, കനേഡിയന്‍ സ്‌പേസ് ഏജന്‍സി)
അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യന്‍ തിരിച്ചെത്തുന്നു എന്നതിലുപരി, ചൊവ്വയുള്‍പ്പെടെയുള്ള അന്യഗ്രഹങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് അടിത്തറ പാകുകയാണ് ആര്‍ട്ടെമിസ്-2. ബഹിരാകാശ പര്യവേഷണത്തില്‍ മനുഷ്യന്‍ നേടിയ കുതിച്ചുചാട്ടത്തിന്റെ അടയാളമായി ഈ ദൗത്യം മാറും.






