
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 വിനെ പ്രശംസിച്ച് നടി മന്യ. ചിത്രം ഒരു മാസ്റ്റര്‍പീസ് ആണെന്നാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നടി വാനോളം പുകഴ്ത്തി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്.
ആദിത്യ ധർ സർ, 'ദുരന്ധർ' എന്ന സിനിമയിലൂടെ നിങ്ങൾ ഒരു ഉജ്ജ്വലമായ മാസ്റ്റർപീസ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് .നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടിരിക്കുക എന്നത് വലിയൊരു നേട്ടമാണ്. മാന്‍ഹട്ടനിലെ എ.എം.സി തിയേറ്ററില്‍ ഞാനും ഭര്‍ത്താവും സിനിമ കാണുമ്പോള്‍ ഇടവേള പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല. അത്രമേല്‍ വശീകരിക്കുന്നതായിരുന്നു നിങ്ങളുടെ കഥ പറച്ചില്‍. കഥയോടൊപ്പം വസ്തുതകളെയും കൂട്ടിയിണക്കിയത് കണ്ണ് തുറപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് നോട്ടുനിരോധനം - ഇപ്പോൾ ജനങ്ങൾക്ക് അതിന്റെ പിന്നിലെ കാരണം മനസ്സിലായിട്ടുണ്ടാകും ,നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ.
രണ്‍വീർ സിംഗ് - താങ്കളുടെ അഭിനയത്തിന്റെ വലിയൊരു ആരാധകിയാണ് ഞാൻ. എങ്കിലും ഈ സിനിമയിൽ താങ്കളെ കണ്ടപ്പോൾ ഉണ്ടായ അനുഭവം വിവരിക്കാൻ എനിക്ക് വാക്കുകളില്ല. താങ്കളുടെ കണ്ണുകൾ, വികാരങ്ങളുടെ ആഴം, പ്രണയം, വെറുപ്പ്, ത്യാഗങ്ങൾ, ഭയം, നഷ്ടം... സർ, നിങ്ങളുടെ വികാരങ്ങൾ ഞങ്ങളെ ജസ്കിരത് ആയും ഹംസയായും കൂടെ സഞ്ചരിപ്പിച്ചു. മികച്ച നടനുള്ള ദേശീയ അവാർഡും ഓസ്കറും എല്ലാ ഫിലിം അവാർഡുകളും നിങ്ങൾ അർഹിക്കുന്നു. നിങ്ങൾ നടത്തിയ കഠിനാധ്വാനം എന്നെന്നും ഓർമ്മിക്കപ്പെടും. ഒരു നടി എന്ന നിലയിൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. മന്യ കുറിച്ചു.
വികാഷ് നൗലഖയുടെ മികച്ച ഛായാഗ്രഹണത്തെയും ശിവകുമാര്‍ പണിക്കരുടെ കൃത്യതയാര്‍ന്ന എഡിറ്റിംഗിനെയും നടി അഭിനന്ദിച്ചു. ശാശ്വത് സച്ച്‌ദേവിന്റെ സംഗീതവും ഗായകരായ അരിജിത് സിംഗ്, ദില്‍ജിത് ദോസഞ്ച്, ഹനുമാന്‍കൈന്‍ഡ് തുടങ്ങിയവരുടെ ശബ്ദവും സിനിമയ്ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. ദുരന്ധർ' നിർമ്മിച്ച നിർമ്മാതാക്കൾക്കും താരം നന്ദി പറയുന്നുണ്ട്.
ഭഗവദ്ഗീതയിൽ പറയുന്ന സ്നേഹത്തെയും കടമയെയും ത്യാഗത്തെയും കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും, വിമർശകർക്ക് ഈ ചിത്രത്തിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ടെന്നും മാന്യ കൂട്ടിച്ചേർത്തു. ഓരോ അഭിനേതാവും തങ്ങളുടെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും താരം തന്റെ പോസ്റ്റിൽ കുറിച്ചു. എല്ലാവരും പോയി സിനിമ കാണണമെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്.






