
തെന്നിന്ത്യന്‍ സിനിമാ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ലവ് ഇന്‍ഷുറന്‍സ് കമ്പനി റിലീസിനൊരുങ്ങുമ്പോള്‍, തന്റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ അനിരുദ്ധിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. സോഷ്യല്‍ മീഡിയയിലൂടെയാന് അനിരുദ്ധിനോടുളള തന്റെ സ്‌നേഹവും ബഹുമാനവും വിഘ്‌നേഷ് പ്രകടിപ്പിച്ചത്.
‘കഥകള്‍ എന്റേത്.. ആത്മാവ് അവന്റേത്.. ഞാന്‍ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവന്‍ സംഗീതത്തിലൂടെ അത് പൂര്‍ണ്ണമാക്കുന്നു. എന്റെ കഥ എവിടെ അവസാനിക്കുന്നുവോ, അവിടെ അവന്റെ സംഗീതം തുടങ്ങുന്നു. വിക്കി എന്നെന്നും നിങ്ങളുടെ പടയാളിയായിരിക്കും, എന്റെ പ്രിയപ്പെട്ട രാജാക്കന്മാരേ, എപ്പോഴും നിബന്ധനകളില്ലാതെ, പരിധികളില്ലാതെ, സ്‌നേഹം മാത്രം. ലവ് ഇന്‍ഷുറന്‍സ് കമ്പനി സംവിധാനം ഞാന്‍, അനുഭവിപ്പിച്ചത് അവന്‍ ’വിഘ്‌നേഷിന്റെ വാക്കുകള്‍.
അതേസമയം പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഈ സയന്‍സ് ഫിക്ഷന്‍ റോമാന്റിക് കോമഡി ചിത്രം ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അനിരുദ്ധ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ചാര്‍ട്ട് ബസ്റ്ററുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും നയന്‍താരയുടെ മക്കളായ ഉയിരും ഉലകവും പ്രത്യക്ഷപ്പെട്ട 'അദാവടി' എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. വിഘ്‌നേഷ് ശിവന്‍-അനിരുദ്ധ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






