
മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിൽ.
ന്യൂ സൗത്ത് വെയിൽസ് പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വാഹനപരിശോധന ഒഴിവാക്കാൻ താരം വാൻ ഒതുക്കി നിർത്താൻ ശ്രമിച്ചതാണ് പോലീസിന്‍റെ സംശയം വർദ്ധിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉടൻ തന്നെ 39-കാരനായ വാർണറെ പോലീസ് കസ്റ്റഡിയിലെടുത്ത് മരൂബ്ര പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം മടങ്ങിയെങ്കിലും മെയ് മാസത്തിൽ ഓസ്‌ട്രേലിയയിലെ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും.2 024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ നിലവിൽ കമന്‍റേറ്റർ വേഷത്തിലും ആഗോള ടി20 ലീഗുകളിലും സജീവമാണ്.






