
കണ്ണൂർ : തളിപ്പറമ്പിൽ എൽഡിഎഫ് വെപ്രാളത്തിലാണെന്ന് സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി തളിപ്പറമ്പിൽ മത്സരിക്കുന്ന ടി കെ ഗോവിന്ദൻ. യുഡിഎഫ് പ്രചാരണത്തിന് നേരെ എൽഡിഎഫ് പ്രകോപനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എവിടെ തോറ്റാലും തളിപ്പറമ്പ് തോൽക്കരുത് എന്നാണ് അവരുടെ നിലപാട്. അട്ടിമറി നടത്തി തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു. ഏതറ്റം വരെയും പോയി അതിനെ പ്രതിരോധിക്കുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നും ടികെ ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.






