
രാജസ്ഥാനിലെ രന്തംഭോര്‍ ദേശീയോദ്യാനത്തില്‍ കടുവയുടെ വഴി തടസ്സപ്പെടുത്തി സഫാരി വാഹനങ്ങള്‍ കൂട്ടമായി എത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്. മുന്നിലും പിന്നിലും വാഹനങ്ങള്‍ നിറഞ്ഞതോടെ കടുവയ്ക്ക് നടക്കാന്‍ പോലുമാകാത്ത അവസ്ഥയായി. വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനങ്ങളില്‍ വളഞ്ഞുനില്‍ക്കുമ്പോള്‍ അതിന് നടുവില്‍ നിശ്ചലനായി നില്ക്കുന്ന കടുവയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഈ സാഹചര്യത്തില്‍ മനുഷ്യരേക്കാള്‍ വലിയ വിവേകമാണ് കടുവ കാണിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ കടന്നുകയറി അവയെ ശല്യപ്പെടുത്താന്‍ മനുഷ്യന് മാത്രമേ കഴിയൂ എന്ന് പലരും വിമര്‍ശിക്കുന്നു. ഇത്തരം പ്രവണതകള്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുമെന്നും അത് മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
വഴിമുട്ടി നിന്ന കടുവ വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മൃഗം ആക്രമിക്കാന്‍ മുതിരാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നു. കടുവയില്‍ പ്രതിരോധ മനോഭാവം ഉണ്ടാകാത്തത് കൊണ്ടാണ് വലിയൊരു അപകടം ഒഴിവായതെന്ന് കമന്റുകള്‍ സൂചിപ്പിക്കുന്നു.
മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഇത്തരം സഫാരികള്‍ കാര്യക്ഷമമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം 'സഫാരി ജാമുകള്‍' മൃഗങ്ങളുടെ ആരോഗ്യത്തെയും പ്രജനനത്തെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കും. വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.






