
ഭൂമിയിലെ മണ്ണില്‍ വളരുന്ന ചില മരങ്ങള്‍ക്ക് ചന്ദ്രനുമായി ഒരു ബന്ധമുണ്ട്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും 1971ല്‍ നടന്ന നാസയുടെ അപ്പോളോ 14 ദൗത്യത്തില്‍ ചന്ദ്രനെ വലംവച്ച വിത്തുകളില്‍നിന്ന് മുളപ്പിച്ചെടുത്ത മരങ്ങളാണിവ. അതുകൊണ്ട് തന്നെ ചന്ദ്രവൃക്ഷങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന ഈ മരങ്ങള്‍ വെറും ചെടികളല്ല, മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. ബഹിരാകാശ യാത്രികനായ സ്റ്റുവര്‍ട്ട് റൂസയാണ് നൂറുകണക്കിന് മരവിത്തുകള്‍ തന്റെ പേടകത്തില്‍ ചന്ദ്രനിലേക്ക് കൊണ്ടുപോയത്. സഹയാത്രികര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍ ഈ വിത്തുകള്‍ പേടകത്തിലിരുന്ന് ചന്ദ്രനെ വലംവെക്കുകയായിരുന്നു.
ഭൂമിയില്‍ തിരിച്ചെത്തിച്ച ഈ വിത്തുകള്‍ യുഎസ് ഫോറസ്റ്റ് സര്‍വീസ് വിജയകരമായി മുളപ്പിച്ചെടുത്തു. ബഹിരാകാശത്തെ താഴ്ന്ന ഗുരുത്വാകര്‍ഷണവും റേഡിയേഷനും വിത്തുകളെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും മിക്കവയും സാധാരണ പോലെ വളര്‍ന്നു. പിന്നീട് ഈ തൈകള്‍ അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും സ്കൂളുകളിലും പാര്‍ക്കുകളിലും പ്രതീകാത്മകമായി നട്ടുപിടിപ്പിച്ചു.
കാഴ്ചയില്‍ സാധാരണ മരങ്ങളെപ്പോലെയാണെങ്കിലും ഈ ചന്ദ്രവൃക്ഷങ്ങള്ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. ഇവയില്‍ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ നടത്തിയെങ്കിലും ഭൂമിയിലെ മരങ്ങളുമായി കാര്യമായ വ്യത്യാസമൊന്നും കണ്ടെത്തിയില്ല. ഇന്ന് പര്യവേക്ഷണത്തിന്റെയും അതിജീവനത്തിന്റെയും അടയാളങ്ങളായി അമ്പതിലേറെ വര്‍ഷം പ്രായമുള്ള ഈ മരങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്നു.
മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഈ ചന്ദ്രവൃക്ഷങ്ങള്‍ ചെയ്യുന്നത്. ഈ പാരമ്പര്യം നിലനിര്‍ത്താനായി നാസയുടെ പുതിയ 'ആര്‍ട്ടെമിസ്' ദൗത്യങ്ങളിലും വിത്തുകള്‍ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. വരുംതലമുറകള്‍ക്കും ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഓര്‍മ്മകള്‍ നല്കാന് ഈ മരങ്ങള്‍ സഹായിക്കുന്നു.






