
വിമാനത്താവളങ്ങളിലെ നീണ്ട ക്യൂവും ഉദ്യോസ്ഥരോടുള്ള ചോദ്യോത്തരങ്ങളും ഒഴിവാക്കി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി വിമാനത്താവളം ഒരു വിസ്മയമാവുകയാണ്. വിമാനത്താവളത്തിലെ ഓരോ ഘട്ടവും യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡിജിറ്റല്‍ യുഗത്തിലെ ഈ വലിയ മാറ്റത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ചെക്ക്ഇന്‍ മുതല്‍ ബോര്‍ഡിംഗ് പാസ് എടുക്കുന്നതും ബാഗേജ് ടാഗ് ചെയ്യുന്നതും വരെ യാത്രക്കാര്‍ സ്വയം ചെയ്യണമെന്നതാണ് ഇതിന്റെ പ്രത്യേകത. കണ്ടന്റ് ക്രിയേറ്ററായ ഇഷിത മാന്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇവിടത്തെ അത്യാധുനിക സൗകര്യങ്ങള്‍ ചര്‍ച്ചയായത്.
സുരക്ഷാ പരിശോധനയ്ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമുള്ള ഇവിടെ സഹായത്തിനായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളതെന്നും ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് പറ്റിയ ഇടമാണിതെന്നും ഇഷിത പറയുന്നു. ലഖ്‌നൗ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനത്താവളങ്ങളിലും സമാനമായ സൗകര്യങ്ങള്‍ നിലവിലുണ്ടെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ ഒരു വിഭാഗം അഭിനന്ദിക്കുമ്പോള്‍ ഇന്ത്യയും ഈ മേഖലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ യുഗത്തില്‍ യാത്രകള്‍ വേഗത്തിലാക്കാന്‍ ഇത്തരം ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ അനിവാര്യമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. 21,000-ത്തിലധികം ആളുകള്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള സംവാദങ്ങളാണ് നടക്കുന്നത്.
യന്ത്രങ്ങള്‍ മനുഷ്യന്റെ ജോലി കവരുന്നത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുമെന്ന് ചിലര്‍ ആശങ്ക പങ്കുവെച്ചു. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പ്രായമായവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. ചെലവ് കുറയ്ക്കാന്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളെ വെക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സാങ്കേതിക വിദ്യ വികസിപ്പിക്കുമ്പോള്‍ അത് എല്ലാ വിഭാഗം ആളുകളെയും പരിഗണിച്ചുകൊണ്ടുള്ളതാകണമെന്ന ആവശ്യവും ഇതോടെ സജീവമായി.






