
രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധര്‍ 2 വിന്റെ വന്‍ വിജയത്തിനിടയിലും നടന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണ്‍ പുലര്‍ത്തിയ നിശബ്ദത വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തെക്കുറിച്ച് ദീപിക ഒരു പോസ്റ്റ പോലും പങ്കുവെച്ചില്ലെന്നും, പ്രീമിയര്‍ ഷോ ഒഴിവാക്കി സിത്താര്‍ കണ്‍സേര്‍ട്ടിന് പോയെന്നുമൊക്കെയുളള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം നര്‍മ്മം കലര്‍ന്ന മറുപടി നല്‍കിയിരിരിക്കുകയാണ് ദീപിക.
സംവിധായകന്‍ ആദിത്യ ധറിന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തെ ദീപിക കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന രീതിയില്‍ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ പ്രചരിച്ചിരുന്നു. ഇത് ദീപിക മന:പൂര്‍വ്വം ചെയ്യുന്നതാണോ അതോ ഇന്റര്‍നെറ്റ് വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കുകയാണോ എന്നായിരുന്നു വീഡിയോയിലെ ചോദ്യം.
ചൊവ്വാഴ്ച രാത്രി ഇതിന് കമന്റിലൂടെ ദീപിക മറുപടി നല്‍കി. ‘ഇന്റര്‍നെറ്റ് വെറുതേ ഓരോന്ന് സങ്കല്‍പ്പിക്കുകയാണ് സുഹൃത്തേ.. നിങ്ങളാരും കാണുന്നതിനും എത്രയോ മുമ്പേ ഞാന്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. അപ്പോള്‍ ആര്‍ക്കാണ് അമളി പറ്റിയത്? ’കൂടെ കുസൃതി നിറഞ്ഞ ഇമോജിയും താരം പങ്കുവെച്ചു.






