
ഭാര്യ ഷിഫിനയുടെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകളുമായി സംവിധായകന്‍ ജിത്തു മാധവന്‍. രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ജിത്തു മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘രചയിതാവും സംവിധായികയുമായ ഷിഫിന ബിബിന്‍ പക്കറിന് അഭിനന്ദനങ്ങള്‍. നിന്റെ സ്വപ്‌നത്തിലേക്കുളള ആദ്യ ചുവടുവെപ്പ്, നിന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും ഫലം, നീ നേരിട്ട അപമാനങ്ങള്‍ക്കുളള മറുപടി. ഇവിടെ വരെ എത്താന്‍ നീ അനുഭവിച്ച കഷ്ടപ്പാടുകള്‍ എനിക്കറിയാം.
നീയാകുക എന്നത് അത്ര എളുപ്പമല്ല, നീ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതും പ്രയാസമാണ്. ഒരു അമ്മയായിരിക്കുക ഒപ്പം ഉത്തരവാദിത്തമില്ലാത്ത, പിന്തുണ നല്‍കാത്ത ഒരു ഭര്‍ത്താവിന്റെ ഭാര്യയാകുക (അത്തരമൊരു മനുഷ്യനായതില്‍ ക്ഷമിക്കണം) , ഇതിനിടയില്‍ സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കുക, തിരക്കഥ എഴുതുക, അതൊരു പ്രോജക്ടാക്കി മാറ്റുക ഇതൊന്നും അത്ര എളുപ്പമുളള കാര്യമല്ല, വലിയൊരു കയ്യടി.
തിയറ്ററില്‍ നിന്റെയും നമ്മുടെ പ്രിയപ്പെട്ട പൈലിയുടെയും കൂടെയിരുന്ന് നിന്റെ സിനിമ കാണാനും പടം കഴിയുമ്പോള്‍ നിന്റെ പേര് തെളിയുന്നത് കണ്ട് ജനം കയ്യടിക്കുന്നതിന് സാക്ഷ്യം വഹിക്കാനും ഞാന്‍ കാത്തിരിക്കുന്നു. നിനക്കിത് നന്നായി ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. ഐ ലവ് യു ഡാര്‍ലിംഗ് ’ജിത്തുവിന്റെ വാക്കുകള്‍.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ഷിഫിനയുടെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നത്. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന ശ്രദ്ധേ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്നതാണ് ചിത്രം. നിലവില്‍ സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില്‍ പുരോഗമിക്കുകയാണ്. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രര്‍ത്തകര്‍ അറിയിച്ചു.






