
മലയാള സിനിമയിൽ ഒറ്റയാൾപ്പാത വെട്ടിയെടുത്ത് അതിലൂടെ നടന്നു നീങ്ങി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ബാലചന്ദ്രമേനോന്‍. അഞ്ചു പതിറ്റാണ്ട് തികയുന്ന ബാലചന്ദ്രമേനോന്റെ സിനിമാജീവിതം എന്നും വിസ്മയിപ്പിക്കുന്നതാണ്. അഭിനേതാവ് എന്നതിലുപരി നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, എഡിറ്റർ എന്നിങ്ങനെ ബഹുമുഖപ്രതിഭയായി താരം തിളങ്ങിയിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നതിൽ ഒരുപോലെ അഭിരമിച്ചാണ് താരം മലയാള സിനിമയില്‍ തിളങ്ങി നിന്നത്.
ഇപ്പോഴിതാ തന്റെ കരിയറിലുടനീളം പൂര്‍ണ്ണമായും ഒഴിവാക്കിയ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പറയുകയാണ് താരം. തന്റെ സൂപ്പർ ഹിറ്റുകളായി ഓടിക്കൊണ്ടിരുന്ന കാലത്ത് പോലും ‘നാന’ എന്ന പ്രസിദ്ധീകരണത്തിൽ തന്റെ പേര് വന്നിരുന്നില്ലെന്നും തന്നെ പൂർണ്ണമായും അവര്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരുന്നുവെന്നുമാണ് താരം പറയുന്നത്. തന്നെ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും താരം തുറന്നു പറയുന്നു.
‘‘എന്റെ സിനിമകൾ സൂപ്പർ ഹിറ്റുകളായി ഓടിക്കൊണ്ടിരുന്ന കാലത്ത് പോലും ‘നാന’ എന്ന പ്രസിദ്ധീകരണത്തിൽ എന്റെ പേര് വന്നിരുന്നില്ല. എന്നെ പൂർണ്ണമായും ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത അവർ, എന്റെ ഒരു ചിത്രം പോലും പ്രസിദ്ധീകരിക്കില്ലെന്ന വാശിയിലായിരുന്നു. എന്നെ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
പക്ഷേ, ആ വെല്ലുവിളികളെ ഞാൻ ശാന്തമായി നേരിട്ടു. ‘ഞങ്ങള്‍ പറയുന്നത് കേൾക്കണം’ എന്നാശിച്ച ചില കുടിലബുദ്ധികളുടെ ഗൂഢാലോചനകൾ എനിക്കെതിരെ നടന്നു. ഞാൻ ബലവാനല്ലെന്ന് അവർ കരുതിക്കാണും. ‘എന്നെക്കൊണ്ട് പടം ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ നാന പബ്ലിസിറ്റി തരാം’ എന്ന് പറഞ്ഞ് അവർ എന്നെ അവഗണിച്ചു. സിനിമയുടെ വ്യാകരണ ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ പ്രസിദ്ധീകരണത്തെ അതിജീവിച്ചു വേണമായിരുന്നു എനിക്ക് വളരാൻ.
ഇന്ന്, എന്റെ സിനിമ ജീവിതത്തിന്റെ അൻപതാം വർഷത്തിൽ, ഞാൻ തുടങ്ങിയ ഇടമായ കൊല്ലത്ത് തന്നെ ഒരു ചടങ്ങ് സംഘടിപ്പിച്ചു. നാന ഇപ്പോഴുമുണ്ട്. ഞാൻ എന്റെ വേരുകൾ മറക്കുന്നവനല്ല. അതുകൊണ്ട് തന്നെ അവരെ ഞാൻ ക്ഷണിച്ചു. അവർ വന്നില്ലെങ്കിലും, ഒരു തരി പോലും മായം ചേർക്കാതെ എന്റെ കടമ ഞാൻ നിർവ്വഹിച്ചു. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷെ എന്റെ സത്വത്തെ നിങ്ങൾ ആദരിക്കണം...’’ എന്നാണ് ബാലചന്ദ്രമേനോന്‍ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പ്രതിഛായ എന്ന സിനിമയില്‍ ബാലചന്ദ്രമേനോനും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. താരത്തിന്റെ കഥാപാത്രം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം താരത്തെ ബിഗ്സ്ക്രീനില്‍ കണ്ട സന്തോഷം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.






