തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ സേനയെ വിന്യസിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളെ 154 ഇലക്ഷന് സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേത്യത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.2,500 ക്രിട്ടിക്കല്‍ പോളിങ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിങ് ബൂത്തിലേക്കുമായി 28,209 സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ അടക്കം 76,203 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. ലോക്കല്‍ പോലീസിനു പുറമേ സ്പെഷല്‍ യൂണിറ്റുകള്‍, ബറ്റാലിയനുകള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലെ സേനാംഗങ്ങള്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്നാട് പോലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്. സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും മുന്കരുതലുകളുംപോലീസ് പൂര്‍ത്തിയാക്കിയെന്നും ഡി.ജി.പി. അറിയിച്ചു.






