കോട്ടയം: 'സര്‍വോപരി പാലാക്കാരന്' എന്ന് സ്വയം വിശേഷിപ്പിച്ച കേരള രാഷ്ട്രീയത്തിലെ ഇതിഹാസ നായകന് കെ.എം. മാണി വിട പറഞ്ഞിട്ട് ഇന്ന് ഏഴുവര്‍ഷം. പാലായുടെ മനസ് മാണിയുടെ ഓര്‍മകളില്‍ നിറയുന്ന ദിനത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. മാണിയുടെ സ്വന്തം പാലായില്‍ ജോസ് കെ. മാണി ജനവിധി തേടുകയുമാണ്.
പാലാ മണ്ഡലവും കെ.എം. മാണിയും ഒരുമിച്ച് പിറന്നവരാണ്. 1965ലായിരുന്നു ഇത്. മീനച്ചില്‍, പുലിയന്നൂര്‍ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് പാലാ മണ്ഡലമുണ്ടായപ്പോള്‍ കോണ്‍ഗ്രസില്‍നിന്നും ഇറങ്ങിപ്പോന്ന കെ.എം. മാണി ആദ്യമായി അവിടെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പിന്നെ 2019 ഏപ്രില്‍ ഒന്‍പതിന് മരിക്കുന്നത് വരെയും മാണി പാലായുടെ പ്രതിനിധിയായി. തുടര്‍ച്ചയായി 12 തവണ. 54 വര്‍ഷം. ഇന്ത്യയില്‍ ഇന്നും ഈ റെക്കോഡ് കെ.എം. മാണിക്ക് മാത്രം സ്വന്തം.
'ഇത് ഒരു കൂട്ടുകുടുംബമാണ്. പത്തമ്പത് വര്‍ഷമായി ഞങ്ങള്‍ സുഖദുഃഖങ്ങളൊക്കെ പങ്കിട്ട് ഒരുമിച്ച് ചിരിച്ചും കരഞ്ഞും അങ്ങനെ പോകുന്നു' ഇതാണ് മാണി പാലായെ കുറിച്ച് ആവര്‍ത്തിക്കാറുള്ള പഞ്ച് ഡയലോഗ്. കുട്ടിയമ്മ തന്റെ ആദ്യ ഭാര്യയും പാലാ തന്റെ രണ്ടാം ഭാര്യയുമാണെന്ന് പറഞ്ഞ് അദ്ദേഹം കണ്ണിറുക്കി ചിരിക്കുന്നത് ഇന്നും പാലാക്കാരുടെ മനസിലുണ്ട്.
കെ.എം. മാണി ധനമന്ത്രിയായാല്‍ പാലായിലെ കലുങ്കും ഓടയുമൊക്കെ സംസ്ഥാന ബജറ്റില്‍ കയറുമെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ ധാരാളമുണ്ട്. പാലായില്‍ പത്തു കിലോമീറ്റര്‍ മാത്രമൊഴുകുന്ന മീനച്ചിലാറിന് കുറുകെ 17 പാലങ്ങള്‍ പണിത മന്ത്രിയായിരുന്നു മാണി.
രോഗത്തെ കീഴ്പ്പെടുത്തി രോഗിയെ രക്ഷിച്ച മാണിമാജിക്ക് എന്നറിയപ്പെടുന്ന കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്നും 1.42 ലക്ഷം പേര്‍ക്ക് 1200 കോടിയുടെ ചികിത്സാ സഹായം നല്കിയ ശേഷമാണ് മാണി നിത്യതയില്‍ ലയിച്ചത്. റബറിന് 150 രൂപ താങ്ങുവിലയായി വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ചതും അവസാന നാളില്‍.
ധനം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യു, ഭവന നിര്‍മാണം, വൈദ്യുതി, ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ വകുപ്പുകളില്‍ 24 വര്‍ഷം മന്ത്രിയായിരുന്ന കെ.എം. മാണിയാണ് എല്ലാവര്ക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയും വെളിച്ച വിപ്ലവവും നടപ്പാക്കിയത്. പാലാ ജനറല്‍ ആശുപത്രി, ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേ, പാലങ്ങള്‍, ആധുനിക മികവുള്ള റോഡുകള്‍, റവന്യു ടവര്‍, ട്രഷറി, കോടതി സമുച്ചയം എന്നിങ്ങനെ കെ.എം. മാണി വഴി പാലായില്‍ വന്ന വികസനങ്ങളേറെ.
പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ താന്‍ വല്ലാതെ മിസ് ചെയ്യുന്നത് അച്ചാച്ചനെയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തനിക്ക് പാലാ പട്ടണം അവസാനമായി കാണണമെന്ന് പറഞ്ഞ അച്ചാച്ചനാണ് ജോസിന്റെ മനസിലുള്ളത്. കാറിന്റെ മുന്‍ സീറ്റില്‍ കിടക്കുകയായിരുന്ന മാണിയുടെ വാഹനം ഓടിച്ചത് ജോസായിരുന്നു. ഏഴാം ഓര്‍മദിനത്തില്‍ ജോസ് കെ. മാണിയും കുടുംബവും കല്ലറയില്‍ പ്രാര്‍ഥിക്കും. കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം പോളിങ് ബൂത്തിലേക്ക് പോകും.






