
തിരുവനന്തപുരം: നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ആദ്യ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 33.28 ശതമാനത്തിലേക്ക്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക സിനിമാ മേഖലകളിലെ അനേകം പ്രമുഖരാണ് രാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആര്‍ലേക്കര്‍, കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മമ്മൂട്ടി, എഴുത്തുകാരന്‍ ടി. പത്മനാഭന്‍ തുടങ്ങിയവരെല്ലാം വോട്ടു രേഖപ്പെടുത്തി.
മുഖ്യമന്ത്രി കുടുംബത്തോടൊപ്പം രാവിലെ തന്നെ കണ്ണൂരില്‍ വോട്ടുരേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും കുടുംബത്തോടൊപ്പം എത്തിയായിരുന്നു വോട്ട് ചെയ്തത്. ഗവര്‍ണര്‍ ആദ്യമായി കേരളത്തില്‍ വോട്ടുചെയ്തപ്പോള്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും വോട്ടു ചെയ്തു. അനേകം മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും രാവിലെ തന്നെയെത്തി വോട്ടുരേഖപ്പെടുത്തി. സിനിമാതാരങ്ങളായ മോഹന്‍ലാല്‍ നേമത്തും മമ്മൂട്ടി കൊച്ചിയിലും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ടുചെയ്തു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ വോട്ട് ഗുരുവായൂരിലായിരുന്നു.
പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരും വോട്ടുരേഖപ്പെടുത്തിയവരിലുണ്ട്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയും രാവിലെ തന്നെ വോട്ടുചെയ്തവരില്‍ പെടുന്നു. കേരളത്തില്‍ വലിയ പോളിംഗാണ് നടക്കുന്നത്. ആദ്യ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 20 ശതമാനം കടന്നിരിക്കുകയാണ്. ജില്ല തിരിച്ചുള്ള വോട്ട് ശതമാനത്തില്‍ തിരുവനന്തപുരത്ത് 20.23 ശതമാനം പോളിംഗാണ് നടന്നിരിക്കുന്നത്. കൊല്ലത്ത് 21.21 ശതമാനവും പത്തനംതിട്ടയില്‍ 20.87 ശതമാനവും ആണ് ഇതുവരെ രേഖപ്പെടുത്തിയത്.
ആലപ്പുഴയില്‍ 35.15 ശതമാനവും കോട്ടയത്ത് 34.23 ശതമാനവും രേഖപ്പെടുത്തിയപ്പോള്‍ ഇടുക്കിയില്‍ മന്ദഗതിയിലാണ് പോളിംഗ്. 19.78 ശതമാനമേ ആയിട്ടുള്ളൂ. എറണാകുത്ത് 22.43 ശതമാനവും തൃശൂര്‍ 20.87 ശതമാനം, പാലക്കാട് 20.43 ശതമാനം, മലപ്പുറത്ത് 19.12 ശതമാനവും, കോഴിക്കോട് 21.34 ശതമാനവുമായി. വയനാട്ടില്‍ 20.76 ശതമാനവും കണ്ണൂരില്‍ 20.65 ശതമാനവും കാസര്‍ഗോഡ് 20.21 ശതമാനവുമാണ് പോളിംഗ്. ചിലയിടത്ത് മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്ന സാഹചര്യവുമുണ്ട്.
മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും അധികാരത്തില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. ആദ്യ മണിക്കൂറില്‍ തന്നെ മിക്കയിടത്തെയും സ്ഥാനാര്‍ത്ഥികള്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബിജെപി അദ്ധ്യക്ഷനും രാവിലെ വോട്ടുചെയ്തു.






