
തലശേരി: കരിവെള്ളൂരിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പെരളം സ്വദേശി കെ. രാജേഷിന് മൂന്നു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തലശേരിയിലെ ജില്ല സെഷന്‍സ് കോടതി ജഡ്‌ജ് കെ ടി. നിസാര്‍ അഹമ്മദാണു ശിക്ഷ വിധിച്ചത്. മൂന്നു ജീവപര്യന്തം ശിക്ഷ അപൂര്‍വ വിധിയാണ്.
2024 നവംബര്‍ 21ന് വൈകിട്ട് അഞ്ചരയ്‌ക്കായിരുന്നു കൊലപാതകം. ചന്തേര പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്‌തിരുന്ന പലിയേരിക്കൊവ്വല്‍ സൗഭാഗ്യം വീട്ടില്‍ ദിവ്യശ്രീ കൊല്ലപ്പെടുമ്പോള്‍ 35 വയസായിരുന്നു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിതാവിനൊപ്പമായിരുന്നു താമസം. സംഭവദിവസം ഇവരുടെ വിവാഹമോചനക്കേസ് കോടതി പരിഗണിച്ചിരുന്നു. കോടതിയില്‍നിന്നു വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊടുവാളുമായി രാജേഷ് ബൈക്കിലെത്തിയത്. വാള്‍കൊണ്ട് ഗ്രില്‍സില്‍ വെട്ടിയശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ വരാന്തയിലേക്ക് ഒഴിച്ചു. ഭയന്ന ദിവ്യശ്രീ നിലവിളിയോടെ പുറത്തേക്കോടാന്‍ ശ്രമിച്ചപ്പോള്‍ പലതവണ വെട്ടി. വീടിന്റെ ഗേറ്റിനു സമീപം വീണപ്പോള്‍ തുടര്‍ച്ചയായി വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്‌ഛന്‍ വാസുവിനും വെട്ടേറ്റിരുന്നു. സംഭവശേഷം കടന്നു രാജേഷിനെ പിന്നീടു ബാറില്‍നിന്നാണു പിടികൂടിയത്. ദിവ്യശ്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ശശിമോഹന്റെ പരാതിയിലാണു കേസെടുത്തത്‌്.
ദിവ്യശ്രീയുടെ അച്‌ഛന്‍ വാസുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസടക്കം വിവിധ വകുപ്പുകളിലായാണ് മൂന്നു ജീവപര്യന്തവും ഏഴുവര്‍ഷം തടവും. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പയ്ന്നൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ.പി. ശ്രീഹരിയാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്‌കുമാര്‍ ഹാജരായി.
സി.സി.ടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും കോടതിമുറിയിലെത്തിച്ചുനടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കൊടുവാള്‍ പ്രതി രാജേഷ് പയ്ന്നൂരിലെ കടയില്‍നിന്നാണു വാങ്ങിയത്. സംഭവം നടന്ന് ഒന്നരവര്‍ഷത്തിനകമാണ് കേസില്‍ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ വിധിയാണ് ഈ കേസില്‍കോടതി വിധി പുറപ്പെടുവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത് കുമാര്‍ പറഞ്ഞു.






