
ജാംനഗര്‍ (ഗുജറാത്ത്): വന്യജീവി സംരക്ഷണ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്താര ആഗോള സര്‍വകലാശാല പ്രഖ്യാപിച്ചു. വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയന്‍സിനും മാത്രമായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സര്‍വകലാശാലയാണിത്. ഗുജറാത്തിലെ ജാംനഗറിലാണ് സര്‍വകലാശാലയുടെ ആസ്ഥാനം.
മൃഗക്ഷേമം, ശാസ്ത്രീയ മുന്നേറ്റം, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയില്‍ ഊന്നിയായിരിക്കും സര്‍വകലാശാലയുടെ പ്രവര്‍ത്തനം. വെറ്ററിനറി മെഡിസിന്, കണ്‍സര്‍വേഷന്‍ തുടങ്ങിയ മേഖലകളില്‍ ഭാവി നേതൃത്വത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ പൗരാണിക ജ്ഞാനത്തെയും ആധുനിക വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയായിരിക്കും ഇവിടെ പിന്തുടരുക.കരുണയോടും അറിവോടും നൈപുണ്യത്തോടും കൂടി ജീവജാലങ്ങളെ സേവിക്കാന്‍ നാം നമ്മുടെ സ്ഥാപനങ്ങളെയും മനസ്സിനെയും എങ്ങനെ സജ്ജമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാവി. വന്യമൃഗങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ നേരിട്ടു കണ്ടതില്‍ നിന്നുള്ള വേദനയും അവയ്ക്ക് മെച്ചപ്പെട്ട പരിചരണം നല്കേണ്ടതുണ്ടെന്ന തിരിച്ചറിവുമാണ് വന്താര സര്‍വകലാശാലയ്ക്ക് പിന്നിലെ പ്രേരണ. പുരാതന നളന്ദ സര്‍വകലാശാലയുടെ പാരമ്പര്യത്തില്‍ നിന്നും ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ (എല്ലാ ദിക്കുകളില്‍ നിന്നും ഉദാത്തമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ) എന്ന ആശയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, എന്ന് അനന്ത് അംബാനി പറഞ്ഞു.
നളന്ദയുമായുള്ള ചരിത്രപരമായ ബന്ധം സൂചിപ്പിക്കുന്നതിനായി, പുരാതന വിന്ധ്യന് ശിലാരൂപീകരണത്തില് നിന്നുള്ള രണ്ട് ബിജോലിയ മണല്‍ക്കല്ലുകള്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ വേദിയില്‍ സ്ഥാപിച്ചിരുന്നു. ഇത് ഇന്ത്യയുടെ സുദീര്‍ഘമായ വിജ്ഞാന പാരമ്പര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.
ഹൈന്ദവ ആചാരപ്രകാരം നടന്ന ശിലാസ്ഥാപന ചടങ്ങില്‍ അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മണ്ണ്, ജലം, കല്ലുകള്‍ എന്നിവ പവിത്രമായി സമര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. ഹിമാലയം മുതല്‍ തണ്ണീര്‍ത്തടങ്ങള്‍ വരെയും വനങ്ങള്‍ മുതല്‍ പുല്‍മേടുകള്‍ വരെയുമുള്ള ഭാരതത്തിന്റെ പാരിസ്ഥിതിക സമൃദ്ധിയെ കോര്‍ത്തിണക്കിക്കൊണ്ടാണ് വിജ്ഞാനത്തിന്റെ ഈ മഹാസൗധം ഉയരുന്നത്.
യഥാര്‍ത്ഥ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ഒരു അക്കാദമിക് ആവാസവ്യവസ്ഥയാണ് വന്താര വിഭാവനം ചെയ്യുന്നത്. വന്താരയുടെ പ്രായോഗിക അനുഭവങ്ങളെ പാഠ്യപദ്ധതികളായും പരിശീലന പരിപാടികളായും മാറ്റും. കരുണയും ശാസ്ത്രവും സംരക്ഷണവും ഒത്തുചേരുന്നതിലൂടെ വന്യജീവി മേഖല നേരിടുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തിയുള്ള പ്രഫഷണലുകളെ ഇവിടെ സൃഷ്ടിക്കും.
ബിരുദ, ബിരുദാനന്തര, ഫെല്ലോഷിപ്പ് പ്രോഗ്രാമുകളാണ് സര്‍വകലാശാല വാഗ്ദാനം ചെയ്യുന്നത്. വന്യജീവി മെഡിസിന്, സര്‍ജറി, ന്യൂട്രീഷ്യന്‍, ബിഹേവിയറല്‍ സയന്‍സ്, ജനിതകശാസ്ത്രം, എപ്പിഡെമിയോളജി, വണ്‍ ഹെല്‍ത്ത് തുടങ്ങിയ നൂതന വിഷയങ്ങളില്‍ ഇവിടെ പഠനമുണ്ടാകും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അത്യാധുനിക ലബോറട്ടറികളും ക്ലിനിക്കല്‍ സംവിധാനങ്ങളും രാജ്യാന്തര സഹകരണവും ഈ റസിഡന്‍ഷ്യല്‍ ക്യാമ്പസിന്റെ പ്രത്യേകതയാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥയും ശാസ്ത്രീയ പരിചരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സര്‍വകലാശാല മുന്‍ഗണന നല്‍കും.
ഭാവിയിലെ വന്യജീവി സംരക്ഷണം വനങ്ങളില്‍ മാത്രമല്ല, ക്ലാസ് മുറികളിലും ലബോറട്ടറികളിലും മനുഷ്യമനസ്സുകളിലുമാണ് രൂപപ്പെടേണ്ടതെന്ന കാഴ്ചപ്പാടാണ് വന്താര മുന്നോട്ടുവയ്ക്കുന്നത്. വന്യജീവികളുടെ ആരോഗ്യം, പരിരക്ഷാ രൂപകല്‍പ്പന തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണ കേന്ദ്രമായി ഇത് മാറും.ശിലാസ്ഥാപനത്തോടനുബന്ധിച്ച് വന്താര യൂണിവേഴ്സിറ്റി ഫൗണ്ടിങ് ഫെലോസ്, എവരി ലൈഫ് മാറ്റേഴ്സ് സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചു. അറിവ് കേവലം പുരോഗതിക്ക് മാത്രമല്ല, ജീവജാലങ്ങളുടെ സംരക്ഷണത്തിന് കൂടി ഉപയോഗിക്കണമെന്ന ആഹ്വാനവും ചടങ്ങിലുണ്ടായി.
ഗുജറാത്തിലെ ജാംനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്യജീവി രക്ഷാ-പുനരധിവാസ കേന്ദ്രമാണ് വന്താര. അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ശാസ്ത്രീയമായ പരിരക്ഷയും ഉറപ്പാക്കുന്ന വന്താര, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിലും പ്രജനനത്തിലും രാജ്യാന്തര തലത്തില്‍ മികവിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു.






