ന്യൂഡല്‍ഹി: പശ്‌ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്‌ഥനായ അനുരാഗ് യാദവും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും തമ്മിലുണ്ടായ ചൂടേറിയ വാക്കേറ്റം ഉദ്യോഗസ്‌ഥതലത്തില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിനൊടുവില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അനുരാഗ് യാദവിനെ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്നു കമ്മിഷന്‍ നീക്കിയിരുന്നു.
പശ്‌ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ സൗത്ത് നിയമസഭാ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി അനുരാഗ് യാദവ് സേവനമനുഷ്‌ഠിക്കുകയായിരുന്നു. ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ മേഖലയിലെ പോളിങ് ബൂത്തുകളെക്കുറിച്ചുള്ള ചില വിവരങ്ങള്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉടന്‍ വിവരങ്ങള്‍ നല്‍കാന്‍ യാദവിനു കഴിയാതെ വന്നതോടെ ഗ്യാനേഷ് കുമാര്‍ അതൃപ്‌തി പ്രകടിപ്പിച്ചു. ഇതോടെ, 25 വര്‍ഷത്തെ തന്റെ ഭരണപരിചയം എടുത്തുപറഞ്ഞ് യാദവ് ശക്‌തമായ ഭാഷയില്‍ മറുപടി നല്‍കി.2000 യു.പി. കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്‌ഥനായ അനുരാഗ് യാദവ് നിലവില്‍ യു.പി. സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സുപ്രധാന സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അതേ സമയം, കൃത്യനിര്‍വഹണത്തിലെ വീഴ്‌ചമൂലമാണു യാദവിനെ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്നു നീക്കിയതെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മാധ്യമങ്ങള്‍ യോഗത്തിലെ വാക്കേറ്റത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എന്നാല്‍, ബൂത്തുകള്‍ സംബന്ധിച്ചുള്ള അടിസ്‌ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഉദ്യോഗസ്‌ഥന്‍ പരാജയപ്പെട്ടെന്നും കമ്മിഷന്‍ പറഞ്ഞു.


