
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് 10 വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. മഥുര ജില്ലയിലെ വൃന്ദാവനിലെ കെ.സി. ഘട്ടില്‍ പഞ്ചാബില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
ശക്തമായ കാറ്റിനെത്തുടര്‍ന്നു ബോട്ട് നദിയുടെ നടുക്ക് ശക്തമായി ആടിയുലയാന്‍ തുടങ്ങിയതായും വേഗത വര്‍ധിച്ച് ഒരു പോണ്ടൂണ് പാലത്തില്‍ ഇടിച്ചത് മറിയാന്‍ കാരണമായതായും ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ചവരെല്ലാം പഞ്ചാബി ലുധിയാനയില്‍ നിന്നുള്ളവരാണ്. 10 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ലുധിയാനയില്‍ നിന്നുള്ള 30 പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘമാണ് ബോട്ടിങ്ങിനായി എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് ബോട്ടുകള്‍ സംഘം വാടകയ്ക്കെടുത്തിരുന്നു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടിലുണ്ടായിരുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തിയെന്നും മഥുര ജില്ലാ മജിസ്ട്രേറ്റ് സി.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്.എഫ്) ഒരു സംഘം ഗാസിയാബാദ് വിട്ടതായും താമസിയാതെ വൃന്ദാവനില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.എം. പറഞ്ഞു. പോലീസും തദ്ദേശ ഭരണകൂടവും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി. കാണാതായവര്‍ക്കായി നദിയുടെ ആഴമേറിയ ഭാഗങ്ങളില്‍ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.






