
ന്യൂഡല്‍ഹി: താമസസ്ഥലത്തുനിന്നു പാതികത്തിയ നിലയില്‍ കെട്ടുകണക്കിനു കറന്‍സി കണ്ടെടുത്തതോടെ വിവാദത്തിലായ ഹൈക്കോടതി ജഡ്ജി യശ്വന്ത് വെര്‍മ രാജിവച്ചു. ഇംപീച്ച്മെന്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അലാഹാബാദ് ഹൈക്കോടതിയില്‍ സേവനം അനുഷ്ഠിക്കുന്ന ജസ്റ്റിസ് വെര്‍മ സ്ഥാനമൊഴിഞ്ഞത്.
ഇംപീച്ച്മെന്റിനു മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നിയോഗിച്ച സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണ പാനലിന് മുമ്പാകെ സ്വന്തം വാദമുഖങ്ങള്‍ ആരംഭിക്കാനിരുന്ന ദിവസമാണ് രാജി. തന്റെ ഭാഗം വിശദീകരിക്കാന്‍ ഈമാസം 10 മുതല്‍ 14 വരെയാണ് അദ്ദേഹത്തിന് സമയം അനുവദിച്ചിരുന്നത്. പ്രോസിക്യൂഷന് തങ്ങളുടെ വാദങ്ങള്‍ പാനലിനു മുമ്പാകെ കഴിഞ്ഞമാസംതന്നെ സമര്‍പ്പിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ച് 14 നു വന്‍തുകയ്ക്കുള്ള നോട്ടുകെട്ടുകള്‍ കണ്ടെടുത്തതോടെയാണു ജസ്റ്റിസ് യശ്വന്ത് വെര്‍മ വിവാദക്കുരുക്കിലായത്. പരിചാരകരുടെ ക്വാര്‍ട്ടേഴ്സിനു സമീപത്തെ സ്റ്റോര്‍ റൂമിലായിരുന്നു കറന്‍സി കെട്ടുകള്‍. പണം തന്റേതല്ലെന്നും താനോ കുടുംബാംഗങ്ങളോ അവിടെ പണം സൂക്ഷിക്കില്ലെന്നുമായിരുന്നു വെര്‍മയുടെ വാദം. അഴിമതിപ്പണമാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരുന്നതെന്നായിരുന്നു ആക്ഷേപം. സംഭവം വിവാദമായതോടെ ഡല്‍ഹി ഹൈക്കോടതിയിലെ നീതിന്യായ ജോലികളില്‍നിന്ന് ജസ്റ്റിസ് വെര്‍മയെ സുപ്രീം കോടതി ഒഴിവാക്കി. ജുഡീഷ്യല്‍ ചുമതലകള്‍ ഏല്‍പ്പിക്കരുതെന്നു ചീഫ് ജസ്റ്റിസിനു കര്‍ശന നിര്‍ദേശം നല്കി വെര്‍മയെ അലാഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റുകയും ചെയ്തു.
പിന്നാലെ ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ശരിവച്ചു. ഇതോടെ ഇംപീച്ച്മെന്റ് നടപടികള്‍ക്കു തുടക്കമിടുകയും ചെയ്തു. രാജി സ്വീകരിക്കുന്നപക്ഷം വിരമിക്കുന്ന ഹൈക്കോടതി ജഡ്ജിക്കു ലഭിക്കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ജസ്റ്റിസ് വെര്‍മ അര്ഹനാകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാര്‍ലമെന്റ് പുറത്താക്കുന്നപക്ഷം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നതു മുന്‍കൂട്ടിക്കണ്ടാണ് സ്ഥാനത്യാഗമെന്നും വിലയിരുത്തപ്പെടുന്നു.






