
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നിതിന്റെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കണ്ണൂര്‍ സിറ്റി പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ നടപടി.
നിതിന്റെ മരണത്തിന് പിന്നില്‍ ജാതി അധിക്ഷേപമാണെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ് മേധാവി നിതിനെ 'പുഴുത്ത പട്ടി' എന്ന് വിളിച്ചെന്നും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും കോളേജ് പ്രിന്‍സിപ്പല്‍ നിയോഗിച്ചു.
വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകമാണെന്നും നിതിന്റെ മാതാപിതാക്കളുടെ പരാതി സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.





