
2008 ല്‍ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ സൂര്യ നായകനായെത്തിയ ചിത്രമായിരുന്നു വാരണം ആയിരം. ചിത്രത്തില്‍ സൂര്യ, കൃഷ്ണ എന്നീ രണ്ട് കഥാപാത്രങ്ങളിലാണ് താരം എത്തിയത്. ഒപ്പം സിമ്രാൻ, സമീറ റെഡ്ഡി, ദിവ്യ സ്പന്ദന തുടങ്ങിയവരും നായികമാരായി. സൂര്യയുടെ കരിയറിനെ അടയാളപ്പെടുത്തിയ ചിത്രമാണ് വാരണം ആയിരം. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സൂര്യയുമായി ഉള്ള അനുഭവം പങ്കിടുകയാണ് സമീറ റെഡ്ഡി. ആ സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരുന്നുവെന്നും സൂര്യ എന്ന നടനെ അന്ന് താൻ മനസിലാക്കിയെന്നും സമീറ പറഞ്ഞു.
'ആ സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആണ് വാരണം ആയിരത്തിന്റെ ഒരു പോര്‍ഷന്‍ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങിന് ശേഷം ഞങ്ങള്‍ ഷോപ്പിങിന് പോകുമായിരുന്നു. സൂര്യയ്‌ക്കൊപ്പം ബേബി ക്ലോത്ത് ഷോപ്പിങിന് ഞാന്‍ പോയിട്ടുണ്ട്, അതൊക്കെ വളരെ രസകരമായ ഓര്‍മകളാണ്. അന്ന് എനിക്ക് മനസ്സിലായി, ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ള നടന്മാരില്‍ ഏറ്റവും പ്യുയര്‍ ആയിട്ടുള്ള, ഫാമിലിമാന്‍ ആണ് സൂര്യ എന്ന്. ജ്യോതികയോടുള്ള സൂര്യയുടെ സ്‌നേഹവും, പരിഗണനയും, കുട്ടികളെ സൂര്യ എത്രത്തോളം സ്‌നേഹിക്കുന്നു എന്നുമൊക്കെ എനിക്കന്ന് മനസ്സിലായി. സ്‌ക്രീനില്‍ ഞങ്ങള്‍ മനസ്സുരുകി സ്‌നേഹിക്കുന്നു, റൊമാന്‍സ് ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു, അത് കഴിഞ്ഞ് നേരെ ബേബി ക്ലോത്ത്‌സ് വാങ്ങാന്‍ പോകുന്നു, എന്ത് രസമുള്ള ഓര്‍മകളാണ് അത്.
എത്രത്തോളം നല്ല ഫാമിലി മാന്‍ ആണോ അത്രത്തോളം പ്രൊഫഷണലും ആയിരുന്നു സൂര്യ. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഉടനീളം ആ ഒരു ഫാമിലി വൈബ് അങ്ങനെ നില്‍ക്കുന്നത്. അത്തരമൊരു നടനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കും പൂര്‍ണമായും ഇന്‍വോള്‍വ് ചെയ്ത് അഭിനയിക്കാന്‍ സാധിച്ചു. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും, എന്ത് പറയും എന്നൊന്നുമുള്ള ചിന്ത എനിക്കുണ്ടായിരുന്നില്ല. കാരണം സൂര്യ അത്രയും സ്‌പെഷ്യലാണ്,' സമീറ റെഡ്ഡി പറഞ്ഞു.






