
തെന്നിന്ത്യന്‍ സംഗീതലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന യുവ സംഗീതസംവിധായകനും ഗായകനുമാണ് സായ് അഭ്യങ്കാര്‍. ' പവഴമല്ല' എന്ന സായ് സഭ്യങ്കാറിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. 90 മില്യണിലധികം കാഴ്ചക്കാരാണ് ഈ മ്യൂസിക് വീഡിയോ നേടിയത്. നടി കയാദു ലോഹറും വീഡിയോയില്‍ സായ് അഭ്യങ്കാറിനൊപ്പം എത്തിയിരുന്നു. അടുത്തിടെ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പവഴമല്ലിയിലേക്ക് എത്തിയതിനെ കുറിച്ച് കയാദു പറഞ്ഞിരുന്നു. രാത്രി രണ്ട് മണിക്കാണ് തന്നെ ആ പാട്ടിന്റെ ഡിസ്‌കഷനുവേണ്ടി സായി വിളിച്ചതെന്നും കയാദു പറഞ്ഞു.
‘പവഴമല്ലി അധികം പ്ലാനിങ്ങൊന്നുമില്ലാതെ റാന്‍ഡമായി നടന്നതായിരുന്നു. ഒരുദിവസം രാത്രി കിടന്നുറങ്ങുകയായിരുന്നു. രാത്രി രണ്ട് മണിയായപ്പോള്‍ എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കുമ്പോള്‍ അത് സായ് ആയിരുന്നു. എന്തിനാണ് ഈ സമയത്ത് വിളിക്കുന്നതെന്നറിയാന്‍ കോളെടുത്തു. കൂടുതല്‍ ചുറ്റിവളക്കാതെ അവന്‍ കാര്യം പറഞ്ഞു.
അടുത്ത ആല്‍ബത്തിന്റെ ഡിസ്‌കഷനിലാണ്. നല്ല പാട്ടാണ്. നിങ്ങളും അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. പാട്ട് വേറെ ലെവലാകും. നിങ്ങളാണ് അതിന് പെര്‍ഫെക്ട്’ എന്ന് അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ അധികം ആലോചിക്കാതെ ഓക്കെ പറഞ്ഞു. ആ ആല്‍ബത്തിലെ ഡാന്‍സ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു. രണ്ട് രാത്രി നിര്‍ത്താതെ നോണ്‍സ്‌റ്റോപ്പ് ഡാന്‍സ് റിഹേഴ്‌സലായിരുന്നു. പാട്ടും ക്ലിക്കായി,’ കയാദു പറഞ്ഞു.






